എമിറേറ്റിലെ വാണിജ്യ മേഖലയിൽ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായി ഒരു സർവീസ് സെന്റർ അടച്ചു പൂട്ടിയതായി ദുബായ് ഇക്കണോമി അറിയിച്ചു. അൽ തവറിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനത്തിന്റെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് വലിയ രീതിയിൽ ജനത്തിരക്ക് അനുഭവപ്പെട്ടതിനെത്തുടർന്നാണ് അധികൃതർ കർശനമായ നടപടി കൈകൊണ്ടത്.
ആളുകൾ ഒത്തു ചേരുന്ന സാഹചര്യം സൃഷ്ടിക്കുന്ന ഇത്തരം പരിപാടികൾ എമിറേറ്റിലെ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിലെ സാമൂഹിക അകലം ഉറപ്പാക്കുന്നതിലെ വീഴ്ച്ചയായി കണക്കാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം ആഘോഷ പരിപാടികൾ ഒഴിവാക്കാൻ എല്ലാ വാണിജ്യ സ്ഥാപനങ്ങളോടും ദുബായ് ഇക്കണോമി ആവശ്യപ്പെട്ടു.
രോഗവ്യാപനം തടയുന്നതിനും, സുരക്ഷാ നിർദ്ദേശങ്ങളെ കുറിച്ച് അവബോധം ഉളവാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ദുബായ് ഇക്കണോമിയുടെ പരിശോധനകൾ എമിറേറ്റിലുടനീളമുള്ള വ്യാപാര കേന്ദ്രങ്ങളിലും, വാണിജ്യ സ്ഥാപനങ്ങളിലും തുടരുകയാണ്. ഇതിന്റെ ഭാഗമായി പ്രതിരോധ നിർദ്ദേശങ്ങളിൽ വീഴ്ച്ചകൾ കണ്ടെത്തിയ ഒരു സ്ഥാപനത്തിന് പിഴ ചുമത്തിയതായും അധികൃതർ അറിയിച്ചിട്ടുണ്ട്. സാമൂഹിക അകലം ഓർമ്മപ്പെടുത്തുന്നതിനായുള്ള അടയാള സ്റ്റിക്കറുകൾ പ്രദർശിപ്പിക്കുന്നതിൽ വീഴ്ച്ച വരുത്തിയ 10 സ്ഥാപനങ്ങൾക്ക് താക്കീത് നൽകിയതായും അധികൃതർ വ്യക്തമാക്കി.
വാണിജ്യ സ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളിലാണ് ദുബായ് ഇക്കണോമി ഉദ്യോഗസ്ഥർ ഈ വീഴ്ച്ചകൾ കണ്ടെത്തിയത്. ഈ പരിശോധനകളിൽ 581 സ്ഥാപനങ്ങളിൽ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് അധികൃതർ കണ്ടെത്തി.
പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്കായി പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കാൻ മുഴുവൻ സ്ഥാപനങ്ങളോടും ദുബായ് ഇക്കണോമി ആവശ്യപ്പെട്ടിട്ടുണ്ട്. വീഴ്ച്ചകൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള സുരക്ഷാ വീഴ്ച്ചകളെക്കുറിച്ചുള്ള വിവരങ്ങൾ 600545555 എന്ന നമ്പറിലോ, https://consumerrights.ae/ എന്ന വെബ്സൈറ്റിലൂടെയോ, ദുബായ് ഇക്കണോമിയുടെ ആപ്പിലൂടെയോ ഉപഭോക്താക്കൾക്ക് പങ്ക് വെക്കാവുന്നതാണ്.