സൗദി: ഉംറ തീർത്ഥാടനം ആവർത്തിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്കും ബാധകം

GCC News

ഒന്നിലധികം തവണ ഉംറ തീർത്ഥാടനം ആവർത്തിക്കുന്നതിന് സൗദി ഹജ്ജ് മന്ത്രാലയം ഏതാനം ദിവസങ്ങൾക്ക് മുൻപ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്കും ബാധകമാണെന്ന് സൗദി അധികൃതർ വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

രണ്ട് തവണ ഉംറ തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് ആഗ്രഹിക്കുന്നവർക്ക് ആദ്യ തീർത്ഥാടനത്തിന് ശേഷം പത്ത് ദിവസത്തെ കാത്തിരിപ്പ് നിബന്ധന ഏർപ്പെടുത്തിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം 2022 ജനുവരി ആദ്യം വ്യക്തമാക്കിയിരുന്നു. ഈ നിയന്ത്രണം ഉംറ അനുഷ്ഠിക്കുന്നതിനായും, മറ്റു പ്രാർത്ഥനകൾക്കുമായും സൗദിയിലേക്ക് പ്രവേശിക്കുന്ന വിദേശികൾക്കും ബാധകമാണെന്നാണ് ഇപ്പോൾ അധികൃതർ അറിയിച്ചിരിക്കുന്നത്.

പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ളവരും, ‘Tawakkalna’ ആപ്പിൽ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരുമായ തീർത്ഥാടകർക്കാണ് സൗദിയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഇത്തരത്തിൽ ഉംറ തീർത്ഥാടനത്തിനായി വിദേശ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്കെത്തുന്ന തീർത്ഥാടകർക്ക് 30 ദിവസം വരെ രാജ്യത്ത് തുടരാൻ അനുമതി നൽകിയിട്ടുണ്ടെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം 2021 ഡിസംബറിൽ വ്യക്തമാക്കിയിരുന്നു.

ഒന്നിലധികം തവണ ഉംറ തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് ആഗ്രഹിക്കുന്നവർക്ക് ആദ്യ തീർത്ഥാടനത്തിന് ശേഷം പത്ത് ദിവസത്തെ കാത്തിരിപ്പ് നിബന്ധന ഏർപ്പെടുത്തിയതോടെ, വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്ക് സൗദിയിൽ തുടരാൻ അനുവാദമുള്ള 30 ദിവസത്തെ കാലയളവിൽ പരമാവധി 3 തവണ ഉംറ അനുഷ്ഠാനങ്ങളിൽ പങ്കെടുക്കുന്നതിന് അവസരം ലഭിക്കുന്നതാണ്.

രാജ്യത്ത് വീണ്ടും COVID-19 വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഈ നിയന്ത്രണം തിരികെ ഏർപ്പെടുത്തിയിരിക്കുന്നത്. COVID-19 മഹാമാരിയെത്തുടർന്ന് മന്ത്രാലയം കഴിഞ്ഞ വർഷം ഉംറ തീർത്ഥാടനങ്ങൾക്കിടയിൽ ഇത്തരത്തിൽ 14 ദിവസത്തെ കാത്തിരിപ്പ് നിബന്ധന ഏർപ്പെടുത്തിയിരുന്നു.