സംസ്ഥാനത്ത് ഏപ്രിൽ 11-നു പത്തു പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ – 7, കാസർകോഡ് – 2, കോഴിക്കോട് – 1 എന്നിങ്ങനെയാണു രോഗം ബാധിച്ചവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്ക്. ഇതിൽ മൂന്നു പേർ വിദേശത്തുനിന്നു വന്നവരും ഏഴു പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഏപ്രിൽ 11-നു 19 പേർക്കു രോഗം ഭേദമായി. കാസർകോഡ് – 9, പാലക്കാട് – 4, തിരുവനന്തപുരം – 3, ഇടുക്കി – 2, തൃശൂർ – 1 എന്നിങ്ങനെയാണു രോഗം ഭേദമായവരുടെ കണക്കുകൾ. ഇതുവരെ ആകെ 373 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ഇതിൽ 228 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് 1,23,490 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇതിൽ 1,22,676 പേർ വീടുകളിലും 814 പേർ ആശുപത്രികളിലുമാണ്. 201 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 14,163 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 12,818ൽ എണ്ണത്തിൽ രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് മുക്തയായ കാസർകോഡ് സ്വദേശിനി പരിയാരം മെഡിക്കൽ കോളജിൽ കുഞ്ഞിനു ജൻമം നൽകിയെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഇവരേയും ആരോഗ്യ പ്രവർത്തകരേയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.