ഓഗസ്റ്റ് മാസത്തിൽ യുഎഇയിലെ COVID-19 ബാധിതരുടെ എണ്ണത്തിൽ 10% വർദ്ധന രേഖപ്പെടുത്തി

GCC News

രാജ്യത്തെ കൊറോണാ ബാധിതരുടെ എണ്ണത്തിൽ ഓഗസ്റ്റ് മാസം ആരംഭിച്ചത് മുതൽ ഏതാണ്ട് 10 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തിയതായി യു എ ഇ സർക്കാർ വക്താവ് ഡോ. ഒമർ അൽ ഹമ്മാദി അറിയിച്ചു. ഓഗസ്റ്റ് 25-ലെ COVID-19 അവലോകന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നിലവിൽ ചികിത്സയിലിരിക്കുന്ന കൊറോണ വൈറസ് ബാധിതരുടെ എണ്ണം 9.5 ശതമാനത്തിൽ നിന്ന് 12 ശതമാനത്തിലേക്ക് ഉയർന്നതായും അൽ ഹമ്മാദി വ്യക്തമാക്കി.

രോഗബാധിതരുടെ എണ്ണത്തിൽ നേരിയ വർദ്ധനവ് ഉണ്ടെങ്കിലും, രാജ്യത്തെ മരണ നിരക്ക്, ആകെ COVID-19 രോഗബാധിതരുടെ എണ്ണത്തിന്റെ 0.5 ശതമാനമായി തുടരുന്നതായും അദ്ദേഹം അറിയിച്ചു. യു എ ഇ നടപ്പിലാക്കിയിട്ടുള്ള ആധുനിക ചികിത്സാ രീതികളും, മാനദണ്ഡങ്ങളുമാണ് ഇതിനു കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“കൊറോണ വൈറസ് പ്രതിരോധത്തിൽ രാജ്യം ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് വ്യക്തമാക്കുന്ന സൂചനകളാണ് ലഭ്യമാകുന്നത്. ഏറ്റവും നേരത്തെ രോഗബാധ കണ്ടെത്തുന്നതിനായി യു എ ഇ ഏർപ്പെടുത്തിയിട്ടുള്ള മുൻകരുതലുകളുൾപ്പടെ എല്ലാ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെയും മികവാണിത് ചൂണ്ടികാട്ടുന്നത്.”, അൽ ഹമ്മാദി പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ജനസംഖ്യാടിസ്ഥാനത്തിൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ COVID-19 ടെസ്റ്റുകൾ യു എ ഇയിലാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഈ അവസരത്തിൽ പോലും, സമൂഹ അകലം പാലിക്കാതെയുള്ള സാമൂഹിക സന്ദർശനങ്ങൾ, കുടുംബ ഒത്തുചേരലുകൾ എന്നിവ ഏതാനം ആളുകൾ തുടരുന്നു എന്നത് ദൗർഭാഗ്യകരമാണ്. പൊതുസമൂഹത്തിലെ മുഴുവൻ ആളുകളും ഉത്തരവാദിത്വത്തോടെ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ ഞങ്ങൾ ആഹ്വാനം ചെയ്യുന്നു.”, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ വിട്ടുവീഴ്ചകൂടാതെ പാലിക്കേണ്ടതിന്റെ പ്രാധാന്യം അൽ ഹമ്മാദി ഓർമ്മപ്പെടുത്തി.