സമൂഹത്തിൽ പകയും വിദ്വേഷവും വളർത്തുന്ന നടപടികൾ ഒമാനിൽ അതീവ ഗൗരവകരമായ കുറ്റകൃത്യമാണെന്നും, ഇത്തരം പ്രവർത്തനങ്ങളിൽ ഏർപെടുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ കൈക്കൊള്ളുമെന്നും ഒമാനിലെ പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു. ഒമാനിലെ പൗരൻമാരോടും, നിവാസികളോടും ഇത്തരത്തിലുള്ള എല്ലാ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒമാനിൽ ഇത്തരം നിയമലംഘകർക്ക് 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്.
ഒമാൻ ജനത കാലങ്ങളായി സഹവർത്തിത്വത്തെയും, സഹിഷ്ണുതയെയും മുറുകെ പിടിക്കുന്നതിൽ വിശ്വസിക്കുന്നവരും, സമൂഹത്തിൽ സ്പർദ്ധ വളർത്തുന്ന എല്ലാത്തരത്തിലുള്ള വിയോജിപ്പുകൾ, തർക്കങ്ങൾ, വിവേചനങ്ങൾ, പക, വിദ്വേഷം എന്നിവയെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാത്തവരാണെന്നും പബ്ലിക് പ്രോസിക്യൂഷൻ ട്വിറ്ററിലൂടെ വ്യക്തമാക്കി. സമൂഹത്തിന്റെ ഐക്യം, കെട്ടുറപ്പ് എന്നിവ ഉറപ്പാക്കാനായി രാജ്യത്തെ നിയമങ്ങൾ പ്രതിജ്ഞാബദ്ധമാണ്.
മുൻവിധികളോടെയുള്ളതും, സമൂഹത്തിനെതിരായതുമായ എല്ലാ പ്രവർത്തനങ്ങളും രാജ്യദ്രോഹപരവും, ഗൗരവകരമായ കുറ്റകൃത്യങ്ങളുമാണ്. ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിലെ സ്പർദ്ധ വർദ്ധിക്കുന്നതിനും, കെട്ടുറപ്പ് ഇല്ലാതാക്കാനും മാത്രമേ പ്രയോജനപ്പെടുകയുളളൂ എന്നും അധികൃതർ ഓർമിപ്പിച്ചു.