ഒമാൻ: ഡിസംബർ 6 മുതൽ സർക്കാർ ഓഫീസുകളിൽ മുഴുവൻ ജീവനക്കാരും ഹാജരാകും

GCC News

ഡിസംബർ 6, ഞായറാഴ്ച്ച മുതൽ ഒമാനിലെ സർക്കാർ ഓഫീസുകളിൽ മുഴുവൻ ജീവനക്കാരും തിരികെയെത്തുമെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി. രാജ്യത്തെ COVID-19 സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ നവംബർ 30, തിങ്കളാഴ്ച്ച ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

കൊറോണ വൈറസ് സാഹചര്യത്തിൽ തൊഴിലിടങ്ങളിൽ നേരിട്ടെത്തുന്ന ജീവനക്കാരുടെ എണ്ണം നിയന്ത്രിക്കുന്നതിനായി കൊണ്ടുവന്നിരുന്ന നിയന്ത്രണങ്ങൾ ഡിസംബർ 6 മുതൽ ഒഴിവാക്കുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. ഞായറാഴ്ച്ച മുതൽ മുഴുവൻ ജീവനക്കാരും ഓഫീസുകളിൽ തിരികെയെത്തുമെന്നും കമ്മിറ്റി വ്യക്തമാക്കി.

രാജ്യത്തെ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണത്തിലും, മരണ നിരക്കിലും കുറവ് അനുഭവപ്പെടുന്നതായി ബോധ്യപ്പെട്ടതോടെയാണ് സുപ്രീം കമ്മിറ്റി ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടത്. നിലവിൽ രോഗബാധയിൽ നിയന്ത്രണങ്ങൾ പ്രകടമാണെങ്കിലും സമൂഹം ജാഗ്രത തുടരണമെന്നും, രോഗപ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

ഹോട്ടലുകൾ, ടൂറിസം സ്ഥാപനങ്ങൾ എന്നിവ വഴി സംഘടിപ്പിക്കുന്ന ടൂറിസ്റ്റ് സംഘങ്ങൾക്ക് ഒമാനിലേക്ക് പ്രവേശിക്കുന്നതിനുള്ള പുതിയ വിസകൾ അനുവദിക്കുന്ന നടപടികൾ ആരംഭിക്കാനും സുപ്രീം കമ്മിറ്റി യോഗത്തിൽ ധാരണയായിട്ടുണ്ട്. ഇതോടൊപ്പം രാജ്യത്തെ വാണിജ്യ, വ്യവസായ മേഖലകളിൽ കൂടുതൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനും തിങ്കളാഴ്‌ച്ചത്തെ സുപ്രീം കമ്മിറ്റി യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അതാത് വകുപ്പുകൾ പ്രഖ്യാപിക്കുമെന്നും സുപ്രീം കമ്മിറ്റി കൂട്ടിച്ചേർത്തു.