ഒമാൻ: ജൂലൈ 1 മുതൽ മദ്യത്തിന് 100 ശതമാനം എക്സൈസ് നികുതി ഏർപ്പെടുത്തി

Oman

മദ്യത്തിനും, മദ്യമടങ്ങിയ ഉത്പന്നങ്ങൾക്കും ഒമാനിൽ ജൂലൈ 1 മുതൽ 100 ശതമാനം എക്സൈസ് നികുതി ഏർപ്പെടുത്തി. 2019-ൽ മദ്യം, മദ്യമടങ്ങിയ ഉത്പന്നങ്ങൾ, പുകയില ഉത്പന്നങ്ങൾ മുതലായവയ്ക്ക് ഒമാൻ 100 % നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ മദ്യഉത്പന്നങ്ങൾക്കുള്ള നികുതി, തുടക്കത്തിൽ ആറുമാസത്തേക്ക്, താത്കാലികമായി 50 ശതമാനത്തിലേക്ക് നിജപ്പെടുത്തിയിരുന്നു. ഇതാണ് ജൂലൈ 1 മുതൽ 100 ശതമാനമാക്കി പുനർനിർണ്ണയിച്ചിരിക്കുന്നതെന്ന് ഒമാൻ ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.

ജൂൺ 2, 2019-ലെ മന്ത്രിസഭാ തീരുമാന പ്രകാരമാണ് മദ്യ ഉത്പന്നങ്ങൾക്കുള്ള ഈ നികുതി ഏർപ്പെടുത്തിയത്. തുടർന്ന് ഒമാൻ ടാക്സ് അതോറിറ്റി, 6 മാസത്തേക്ക് മദ്യ ഉത്പന്നങ്ങളുടെ നികുതിയിൽ താത്കാലിക ഇളവുകൾ നൽകുകയായിരുന്നു.

ഒക്ടോബർ 1 മുതൽ രാജ്യത്ത് വിപണനം ചെയ്യുന്ന വിവിധ മധുര പാനീയങ്ങൾക്ക് 50 ശതമാനം പഞ്ചസാര തീരുവ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ ടാക്സ് അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു.