ഒമാൻ: പൊതുഇടങ്ങളിൽ മാസ്കുകൾ ഉപയോഗിക്കുന്നതിലെ വീഴ്ചകൾക്ക് 100 റിയാൽ പിഴ

GCC News

രാജ്യത്തെ പൊതുഇടങ്ങളിൽ മാസ്കുകൾ ഉപയോഗിക്കുന്നതിൽ വീഴ്ചകൾ വരുത്തുന്നവർക്കുള്ള പിഴ 20 റിയാൽ എന്നതിൽ നിന്ന് 100 റിയാൽ ആക്കി ഉയർത്തിയതായി ജൂലൈ 19, ഞായറാഴ്ച്ച റോയൽ ഒമാൻ പോലീസ് അറിയിച്ചു. ഒമാനിലെ കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള സുപ്രീം കമ്മിറ്റി നിർദ്ദേശങ്ങളുടെ ലംഘനങ്ങൾക്കുള്ള ശിക്ഷകളിൽ ഏതാനം മാറ്റങ്ങൾ വരുത്തിക്കൊണ്ട്, പോലീസ് ആൻഡ് കസ്റ്റംസ് ഇൻസ്‌പെക്‌ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ ഹസൻ ബിൻ മൊഹ്‌സിൻ അൽ ഷ്രിഖി പുറത്തിറക്കിയ ‘2020/194’ നമ്പർ ഉത്തരവ് പ്രകാരമാണ് ഈ നടപടി.

ഈ ഉത്തരവ് പ്രകാരം വാണിജ്യ സ്ഥാപനങ്ങൾ, വ്യാവസായിക പ്രവർത്തനങ്ങൾ, പൊതുമേഖലയിലെയും, സ്വകാര്യമേഖലയിലെയും തൊഴിലിടങ്ങൾ, പൊതു ഗതാഗത സംവിധാനങ്ങൾ, മറ്റു പൊതു ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാം മാസ്കുകലുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് 100 റിയാൽ പിഴ ചുമത്തും.

രാജ്യത്തെ ഉയർന്നുവരുന്ന രോഗവ്യാപനവും, സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശവും കണക്കിലെടുത്താണ് ഈ തീരുമാനം. ഈ ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.