അൽ ഐൻ: പത്താമത് പരമ്പരാഗത കരകൗശല മേള ഇന്ന് ആരംഭിക്കും

GCC News

അൽ ഐനിൽ വെച്ച് നടക്കുന്ന പത്താമത് പരമ്പരാഗത കരകൗശല മേള ഇന്ന് (2024 ഒക്ടോബർ 29, ചൊവാഴ്ച) ആരംഭിക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

അൽ ഐനിലെ സൂഖ് അൽ ഖട്ടാരയിൽ വെച്ചാണ് ഈ പരമ്പരാഗത കരകൗശല മേള സംഘടിപ്പിക്കുന്നത്. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസമാണ് ഈ മേള ഒരുക്കുന്നത്.

‘പൂര്‍വ്വികരുടെ കരകൗശലവൈദഗ്ദ്ധ്യം, പിന്തുടർച്ചക്കാരുടെ അഭിമാനം’ എന്ന ആശയത്തിലൂന്നി സംഘടിപ്പിക്കുന്ന ട്രഡീഷണൽ ഹാന്റിക്രാഫ്റ്റ്‌സ് ഫെസ്റ്റിവൽ 2024 ഒക്ടോബർ 29 മുതൽ നവംബർ 17 വരെ നീണ്ട് നിൽക്കുന്നതാണ്.എമിറാത്തി സാംസ്‌കാരിക പൈതൃകം, ശില്പവൈദഗ്ദ്ധ്യം എന്നിവ എടുത്ത് കാട്ടുന്നതാണ് ഈ മേള.

പരമ്പരാഗത എമിറാത്തി കരകൗശലവൈദഗ്ദ്ധ്യം എടുത്ത് കാട്ടുന്ന പണിപ്പുരകൾ, തത്സമയ നിർമ്മാണ ക്ലാസുകൾ, മറ്റു പ്രദർശനങ്ങൾ എന്നിവ ഈ മേളയുടെ ഭാഗമായി അരങ്ങേറുന്നതാണ്.

പരമ്പരാഗത എമിറാത്തി കരകൗശലവിദ്യയുടെ ചരിത്രം, എമിറാത്തി സംസ്‌കാരത്തിൽ അവയ്ക്കുള്ള പ്രാധാന്യം, കരകൗശലവിദ്യയുടെ ഭാഗമായി ഉപയോഗിക്കുന്ന പരമ്പരാഗത ഉപകരണങ്ങൾ, നിർമ്മാണരീതികൾ എന്നിവ സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്ന രീതിയിലാണ് ഈ മേള ഒരുക്കുന്നത്. എമിറാത്തി നാടൻ കലാരൂപങ്ങൾ, സംഗീത നൃത്ത പരിപാടികൾ, പരമ്പരാഗത ഭക്ഷ്യവിഭവങ്ങൾ മുതലായവയും ഈ മേളയിലെത്തുന്നവർക്ക് ആസ്വദിക്കാവുന്നതാണ്.

ദിവസവും രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് 1 മണിവരെയും (പ്രവേശനം സ്‌കൂൾ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക്), വൈകീട്ട് 4 മണിമുതൽ രാത്രി 11 മണിവരെയുമാണ് (എല്ലാ വിഭാഗക്കാർക്കും പ്രവേശനം) ഈ മേളയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഈ മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.