ദുബായ് ഇക്കണോമി, എമിറേറ്റിലെ വാണിജ്യ മേഖലയിൽ നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായി 11 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു. അൽ ഖബൈസി, അൽ റിഗ്ഗ, അൽ നഹ്ദ മുതലായ ഇടങ്ങളിലെ വാണിജ്യ സ്ഥാപനങ്ങളിൽ ഒക്ടോബർ 12-ന് നടത്തിയ പരിശോധനകളിലാണ് ദുബായ് ഇക്കണോമി ഉദ്യോഗസ്ഥർ ഈ വീഴ്ച്ചകൾ കണ്ടെത്തിയത്.
രോഗവ്യാപനം തടയുന്നതിനും, സുരക്ഷാ നിർദ്ദേശങ്ങളെ കുറിച്ച് അവബോധം ഉളവാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ദുബായ് ഇക്കണോമിയുടെ പരിശോധനകൾ എമിറേറ്റിലുടനീളമുള്ള വ്യാപാര കേന്ദ്രങ്ങളിലും, വാണിജ്യ സ്ഥാപനങ്ങളിലും തുടരുകയാണ്. ഈ പരിശോധനകളിൽ 685 സ്ഥാപനങ്ങളിൽ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് അധികൃതർ കണ്ടെത്തി.
പിഴ ചുമത്തപ്പെട്ട 9 സ്ഥാപനങ്ങളിൽ ജീവനക്കാർക്കിടയിൽ മാസ്കുകൾ ഉപയോഗിക്കുന്നതിലെ വീഴ്ചകളും, 2 സ്ഥാപനങ്ങളിൽ സാമൂഹിക അകലം നടപ്പിലാക്കുന്നതിലെ വീഴ്ചകളുമാണ് കണ്ടെത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. സാമൂഹിക അകലം ഓർമ്മപ്പെടുത്തുന്നതിനായുള്ള അടയാള സ്റ്റിക്കറുകൾ പ്രദർശിപ്പിക്കുന്നതിൽ വീഴ്ച്ച വരുത്തിയ 2 സ്ഥാപനങ്ങൾക്ക് താക്കീത് നൽകിയതായും അധികൃതർ അറിയിച്ചു.
വിവിധ വാണിജ്യ കേന്ദ്രങ്ങൾ, ചില്ലറ വില്പനശാലകൾ, വസ്ത്രവ്യാപാര കേന്ദ്രങ്ങൾ, പണമിടപാട് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് ഈ നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. ദുബായ് സ്പോർട്സ് കൗൺസിലുമായി സംയുക്തമായി നടപ്പിലാക്കിയ പരിശോധനകളിൽ വീഴ്ചകൾ കണ്ടെത്തിയ 2 ഹെൽത്ത് ക്ലബ്ബുകൾക്കും പിഴ ചുമത്തിയിട്ടുണ്ട്.
പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്കായി പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കാൻ മുഴുവൻ സ്ഥാപനങ്ങളോടും ദുബായ് ഇക്കണോമി ആവശ്യപ്പെട്ടിട്ടുണ്ട്. വീഴ്ച്ചകൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള സുരക്ഷാ വീഴ്ച്ചകളെക്കുറിച്ചുള്ള വിവരങ്ങൾ 600545555 എന്ന നമ്പറിലോ, https://consumerrights.ae/ എന്ന വെബ്സൈറ്റിലൂടെയോ, ദുബായ് ഇക്കണോമിയുടെ ആപ്പിലൂടെയോ ഉപഭോക്താക്കൾക്ക് പങ്ക് വെക്കാവുന്നതാണ്.