COVID-19 പശ്ചാത്തലത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങി കിടക്കുന്ന പ്രവാസികളെ തിരികെയെത്തിക്കുന്നതിനായി ഇന്ത്യ നടപ്പിലാക്കുന്ന പദ്ധതികളുടെ ആദ്യ ഘട്ടം മെയ് 7 മുതൽ ആരംഭിക്കും. ആദ്യ ആഴ്ച്ചയിൽ 12 രാജ്യങ്ങളിൽ നിന്നായി ഏതാണ്ട് 14000-ത്തിൽ പരം പ്രവാസികളെ തിരികെയെത്തിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് നിലവിൽ കൈകൊണ്ടിട്ടുള്ളത്.
ഇതിനായി യു എ ഇ, യു എസ് എ, യു കെ, സിങ്കപ്പൂർ, മലേഷ്യ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, ഖത്തർ, സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽ നിന്ന് 64 പ്രത്യേക വിമാന സർവീസുകളാണ് വ്യോമയാന മന്ത്രാലയം ആസൂത്രണം ചെയ്യുന്നത്. ആദ്യ ഘട്ടത്തിൽ 10 വിമാന സർവീസുകളാണ് കൊച്ചിയിൽ എത്തുന്നത്.
തിരികെ വരുന്നവർ വിമാനത്തിൽ കയറുന്നതിനു മുൻപ് വ്യക്തി വിവരങ്ങളും, ആരോഗ്യ വിവരങ്ങളും അടങ്ങിയ നിശ്ചിത ഫോം പൂരിപ്പിക്കേണ്ടതാണ്. നാട്ടിലെത്തുമ്പോൾ ഇവ വിമാനത്താവളങ്ങളിലെ എമിഗ്രേഷൻ വിഭാഗത്തിലും, ആരോഗ്യ വിഭാഗത്തിലും നൽകണം.
രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് മാത്രമേ യാത്രാനുമതി നൽകുകയുള്ളൂ. കേന്ദ്ര ആരോഗ്യ മന്ത്രാലയവും, കേന്ദ്ര വ്യോമയാന മന്ത്രാലയവും നിഷ്കർഷിക്കുന്ന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും മടക്കയാത്ര.