അബുദാബി: പതിനാലാമത് അൽ ദഫ്‌റ ജലോത്സവം ആരംഭിച്ചു

UAE

പതിനാലാമത് അൽ ദഫ്‌റ വാട്ടർ ഫെസ്റ്റിവൽ 2023 മാർച്ച് 10-ന് ആരംഭിച്ചു. അൽ ദഫ്‌റ, അൽ മിർഫ സിറ്റിയിലെ അൽ മുഖിരാഹ് ബീച്ചിൽ വെച്ച് സംഘടിപ്പിക്കുന്ന ഈ മേള 2023 മാർച്ച് 10 മുതൽ മാർച്ച് 19 വരെ നീണ്ട് നിൽക്കുന്നതാണ്.

അൽ ദഫ്‌റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയായ H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്റെ കാർമികത്വത്തിലാണ് ഈ മേള സംഘടിപ്പിക്കുന്നത്. അബുദാബി കൾച്ചറൽ പ്രോഗ്രാംസ് ആൻഡ് ഹെറിറ്റേജ് ഫെസ്റ്റിവൽസ് കമ്മിറ്റി, അബുദാബി മറൈൻ സ്പോർട്സ് ക്ലബ് എന്നിവർ സംയുക്തമായാണ് ഈ ജലമേള സംഘടിപ്പിക്കുന്നത്.

മുൻവർഷങ്ങളിലെ അപേക്ഷിച്ച് കൂടുതൽ വിപുലമായ രീതിയിലാണ് ഇത്തവണത്തെ അൽ ദഫ്‌റ ജലോത്സവം സംഘടിപ്പിക്കുന്നത്. ഈ മേളയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുള്ള വിങ്ങ്ഫോയിൽ റേസിംഗ് വേൾഡ് കപ്പ് അബുദാബിയിൽ ആദ്യമായാണ് സംഘടിപ്പിക്കപ്പെടുന്നത്.

യു എ ഇയുടെ നാവിക പൈതൃകം, സംസ്കാരം എന്നിവയുടെ ആഘോഷമാണ് അൽ ദഫ്ര ജലോത്സവം. ഇതിന്റെ ഭാഗമായി അറബി പായ്ക്കപ്പലുകളുടെ മത്സരയോട്ടം, ബീച്ച് സ്പോർട്സ്, നാടോടി കലാരൂപങ്ങൾ, സംഗീതപരിപാടികൾ മുതലായവ സംഘടിപ്പിക്കുന്നതാണ്.

മേഖലയിലെ പുരാതനമായ ജീവിതരീതികൾ അടുത്തറിയാൻ സഹായിക്കുന്ന ഒരു പരമ്പരാഗത ചന്തയും ഈ മേളയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. ദിനവും വൈകീട്ട് 4 മണിമുതൽ രാത്രി 10 മണിവരെയാണ് ഈ മേളയിലേക്ക് പ്രവേശനം അനുവദിക്കുന്നത്.

WAM