അബുദാബി: പതിനഞ്ചാമത് അൽ ദഫ്‌റ ഫെസ്റ്റിവൽ 2021 ഒക്ടോബർ 28-ന് ആരംഭിക്കും

UAE

പതിനഞ്ചാമത് അൽ ദഫ്‌റ ഫെസ്റ്റിവൽ 2021 ഒക്ടോബർ 28 മുതൽ 2022 ജനുവരി 22 വരെ സംഘടിപ്പിക്കാൻ തീരുമാനിച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. കൂടുതൽ ചടങ്ങുകൾ, മത്സരയിനങ്ങൾ, സമ്മാനങ്ങൾ എന്നിവ ഉൾപ്പെടുത്തി കൂടുതൽ വിപുലമായാണ് ഇത്തവണത്തെ അൽ ദഫ്‌റ മേള സംഘടിപ്പിക്കുന്നതെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇതിന് പുറമെ മേളയുടെ ഭാഗമായി സ്വെയിഹാൻ, രാസീൻ, മദിനത് സായിദ് എന്നിവിടങ്ങളിൽ ഒട്ടകങ്ങളുടെ വംശപാരമ്പര്യം എടുത്തുകാട്ടുന്ന സൗന്ദര്യമത്സരം നടത്തുന്നതിനും സംഘാടകർ തീരുമാനിച്ചിട്ടുണ്ട്. അൽ ദഫ്‌റ ഫെസ്റ്റിവൽ വേദിയിലും ഈ മത്സരം സംഘടിപ്പിക്കുന്നതാണ്. ഈ വർഷത്തെ അൽ ദഫ്‌റ മേളയുടെ സമ്മാനത്തുക 110 ദശലക്ഷം ദിർഹമാക്കി ഉയർത്താനും സംഘാടകർ തീരുമാനിച്ചിട്ടുണ്ട്.

COVID-19 പശ്ചാത്തലത്തിൽ, മേളയിൽ പങ്കെടുക്കുന്നവരുടെയും, അതിഥികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ മുൻകരുതലുകളോടും കൂടിയായിരിക്കും മേള സംഘടിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അറേബ്യൻ മരുഭൂമികളിലെ നാടോടി ഗോത്ര ജീവിതരീതിയുടെയും, പരമ്പരാഗത ശൈലിയുടെയും ഏറ്റവും വലിയ മഹോത്സവമായ അൽ ദഫ്‌റ ഫെസ്റ്റിവൽ കണക്കാക്കപ്പെടുന്നത്.

യു എ ഇയുടെ അമ്പതാം വാർഷികാഘോഷങ്ങളോടോപ്പമാണ് പതിനഞ്ചാമത് അൽ ദഫ്‌റ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത് എന്നത് ഈ വർഷത്തെ മേളയുടെ പ്രത്യേകതയാണ്. യു എ ഇയിലെയും, ജി സി സിയിലെയും ഒട്ടകങ്ങളെ വളർത്തുന്നവർക്കിടയിൽ ഉയർന്ന പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനായി കൂടുതൽ വിപുലമായ രീതിയിലാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്.

ഒട്ടകങ്ങളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള മത്സരങ്ങളോടൊപ്പം പ്രാപ്പിടിയന്‍ പക്ഷികൾ, അറേബ്യൻ കുതിരകൾ മുതലായവ പങ്കെടുക്കുന്ന മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഷൂട്ടിംഗ് മത്സരം, അമ്പെയ്ത്ത് മത്സരം, അറേബ്യൻ വേട്ടനായ്ക്കളായ സലൂക്കികളുടെ ഓട്ടമത്സരം തുടങ്ങിയ ഇനങ്ങളും മേളയ്ക്ക് മാറ്റ് കൂട്ടുന്നതാണ്.

മേളയിൽ പങ്കെടുക്കുന്ന മുഴുവൻ ആളുകളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനായി ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ കർശനമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മേളയിൽ പങ്കെടുക്കുന്നവർ, ജീവനക്കാർ, വിധികർത്താക്കൾ മുതലായവർക്ക് COVID-19 വാക്സിനേഷൻ അല്ലെങ്കിൽ COVID-19 ടെസ്റ്റ് നടത്തിയ നെഗറ്റീവ് റിസൾട്ട് എന്നിവ Alhosn ആപ്പിലൂടെ നിർബന്ധമാണ്. മാസ്കുകളുടെ ഉപയോഗം, കയ്യുറകൾ എന്നിവ നിർബന്ധമാണ്.

WAM