പതിനാറാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ജൂലൈ 17 മുതൽ 23 വരെ നടത്തുമെന്ന് അധികൃതർ അറിയിച്ചു. അൽ ദഫ്‌റയിലെ, ലിവയിൽ നടക്കുന്ന ഈ ഈന്തപ്പഴ മഹോത്സവം, ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഈന്തപ്പഴ പ്രദര്‍ശനങ്ങളിലൊന്നാണ്. എന്നാൽ ഇത്തവണ COVID-19 പ്രതിരോധ മുൻകരുതലിന്റെ ഭാഗമായി ഈ മേളയിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കില്ല.
എല്ലാ വർഷവും അറുപതിനായിരത്തിൽ പരം സന്ദർശകർ പങ്കെടുക്കാറുള്ള ലിവ ഡേറ്റ് ഫെസ്റ്റിവൽ, ഗൾഫ് മേഖലയിൽ നിന്നുള്ള മുന്തിയ ഈന്തപ്പഴ ഇനങ്ങളെ സന്ദർശകർക്ക് അടുത്തറിയുന്നതിനും, വാങ്ങുന്നതിനുമുള്ള അവസരമാണ്. ഇതിനു പുറമെ മികച്ച രൂപഭംഗിയുള്ള ഈന്തപ്പഴം, ഏറ്റവും വലിയ ഈന്തപ്പഴ കുല, ഏറ്റവും രുചിയേറിയ ഈന്തപ്പഴം മുതലായ നിരവധി വിഭാഗങ്ങളിലായി ലക്ഷകണക്കിന് ദിർഹം സമ്മാനത്തുകയുള്ള അതീവ വാശിയോടെയുള്ള മത്സരങ്ങളുടെ വേദികൂടിയാണ് ലിവയിലെ ഈന്തപ്പഴ മഹോത്സവം.
അബുദാബി കൾച്ചറൽ പ്രോഗ്രാംസ് ആൻഡ് ഹെറിറ്റേജ് ഫെസ്റ്റിവൽസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഈ മേളയിൽ, കൊതിപ്പിക്കുന്ന ഇന്തപ്പഴങ്ങൾക്ക് പുറമെ, എമിറാത്തി സാംസ്‌കാരികത്തനിമ വിളിച്ചോതുന്ന കാലാപ്രകടനങ്ങളും, മല്‍സരങ്ങളും, ഈന്തപ്പനയോല, ഈന്തപ്പനയുടെ തണ്ട് എന്നിവ കൊണ്ടുണ്ടാക്കിയ വിവിധ കരകൗശല വസ്തുക്കൾ മുതലായവയും സന്ദർശകർക്കായി ഒരുങ്ങാറുണ്ട്.
ഇത്തവണ സന്ദർശകർക്ക് പ്രവേശനമില്ലെങ്കിലും, മത്സരങ്ങളുടെ വാശിയും വീറും കൂടുമെന്നത് ഉറപ്പാണ്. ഇത്തവണത്തെ മേളയിൽ മത്സര വിഭാഗങ്ങളും, സമ്മാനതുകകളും കൂട്ടുന്നതിന് അബുദാബി കിരീടാവകാശി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തവണ 8.2 മില്യൺ ദിർഹത്തിൽ പരം തുകയുടെ സമ്മാനങ്ങളാണ് മേളയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
അബുദാബി കൾച്ചറൽ പ്രോഗ്രാംസ് ആൻഡ് ഹെറിറ്റേജ് ഫെസ്റ്റിവൽസ് കമ്മിറ്റി ചെയർമാനും, അബുദാബി പോലീസ് കമാണ്ടർ ഇൻ ചീഫുമായ മേജർ ജനറൽ ഫാരിസ് ഖലാഫ് അൽ മസ്‌റൂഇ ഈ നിർദ്ദേശത്തെ സ്വാഗതം ചെയ്തു. H.H. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ‘കര്‍ഷകവൃത്തിയിലൂടെ നാഗരികതതയുടെ ഉയർച്ച’ എന്ന ദർശനത്തെ ലിവ ഈന്തപ്പഴ മഹോത്സവം ഉയർത്തികാട്ടുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തവണത്തെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത്, മത്സരയിനങ്ങൾ മാത്രമായിട്ടായിരിക്കും മേള അരങ്ങേറുക എന്നും, പൊതുസമൂഹത്തിന്റെ ആരോഗ്യസുരക്ഷ മുൻനിർത്തി സന്ദർശകർക്ക് മേളയിലേക്ക് പ്രവേശനം ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈന്തപ്പന, ഈന്തപ്പഴം എന്നിവയുടെ സാംസ്‌കാരിക പ്രാധാന്യത്തിന്റെ ആഘോഷത്തോടൊപ്പം, രാജ്യത്തെ ഈന്തപ്പഴ കര്‍ഷകരെ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യവും ലിവ ഡേറ്റ് ഫെസ്റ്റിവൽ നിറവേറ്റുന്നു.