അൽ ദഫ്‌റയിലെ, ലിവയിൽ സംഘടിപ്പിച്ചിരുന്ന പതിനേഴാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ജൂലൈ 25, ഞായറാഴ്ച്ച സമാപിച്ചു. കർശനമായ COVID-19 സുരക്ഷാ നിബന്ധനകളോടെയാണ് ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഈന്തപ്പഴ പ്രദര്‍ശനങ്ങളിലൊന്നായ ഈ ഈന്തപ്പഴ മഹോത്സവം ഇത്തവണ സംഘടിപ്പിക്കപ്പെട്ടത്.
പതിനേഴാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ 2021 ജൂലൈ 15 മുതൽ 25 വരെയാണ് സംഘടിപ്പിക്കപ്പെട്ടത്. COVID-19 പ്രതിരോധത്തിന്റെ ഭാഗമായി മേളയിലേക്ക് സന്ദർശകരെ പ്രവേശിപ്പിച്ചിരുന്നില്ല.
ഈന്തപ്പന, ഈന്തപ്പഴം എന്നിവയുടെ സാംസ്‌കാരിക പ്രാധാന്യത്തിന്റെ ആഘോഷത്തോടൊപ്പം, രാജ്യത്തെ ഈന്തപ്പഴ കര്‍ഷകരെ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലിവ ഡേറ്റ് ഫെസ്റ്റിവൽ സംഘടിപ്പിക്കപ്പെട്ടത്. ഇതിന്റെ ഭാഗമായി ഈന്തപ്പന കൃഷിയുമായി ബന്ധപ്പെട്ട നൂതന കാർഷിക രീതികളും, സാങ്കേതികവിദ്യകളും മേളയിൽ അവതരിപ്പിച്ചിരുന്നു.
ഈന്തപ്പഴത്തിന്റെ രൂപഭംഗി അടിസ്ഥാനമാക്കി 11 മത്സരഇനങ്ങളും, മാങ്ങ, നാരങ്ങ തുടങ്ങിയ ഏഴോളം പഴങ്ങളുടെ മത്സരഇനങ്ങളും, മികച്ച കൃഷിത്തോട്ടം കണ്ടെത്തുന്നതിനുള്ള മൂന്ന് മത്സരങ്ങളും, ഏറ്റവും മികച്ച രീതിയിലൊരുക്കുന്ന പഴക്കൂടകൾ കണ്ടെത്തുന്നതിനുള്ള മത്സരവും ഈ വർഷത്തെ മേളയുടെ ഭാഗമായി അവതരിപ്പിച്ചു. യു എ ഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നായി നിരവധി പേരാണ് ഈ മത്സരങ്ങളിൽ പങ്കെടുത്തത്. രാജ്യത്തെ ഏറ്റവും മികച്ച ഈന്തപ്പഴങ്ങളും മേളയുടെ ഭാഗമായി പ്രദർശനത്തിനെത്തിയിരുന്നു. ഏതാണ്ട് 8.2 ദശലക്ഷം ദിർഹത്തിന്റെ 253 സമ്മാനങ്ങളാണ് ഇത്തവണത്തെ മേളയിൽ നൽകിയത്.
WAM