അബുദാബി: പതിനേഴാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ആരംഭിച്ചു

UAE

അൽ ദഫ്‌റയിലെ, ലിവയിൽ നടക്കുന്ന പതിനേഴാമത് ലിവ ഡേറ്റ് ഫെസ്റ്റിവലിന് 2021 ജൂലൈ 15-ന് തുടക്കമായി. കർശനമായ COVID-19 സുരക്ഷാ നിബന്ധനകളോടെയാണ് ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഈന്തപ്പഴ പ്രദര്‍ശനങ്ങളിലൊന്നായ ഈ ഈന്തപ്പഴ മഹോത്സവം ഇത്തവണ സംഘടിപ്പിക്കുന്നത്.

പതിനേഴാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ 2021 ജൂലൈ 15 മുതൽ 18 വരെയും, ജൂലൈ 22 മുതൽ 25 വരെയും രണ്ട് ഘട്ടങ്ങളിലായാണ് നടത്തുന്നത്. കഴിഞ്ഞ വർഷത്തെ പോലെത്തന്നെ, ഈ വർഷവും COVID-19 പ്രതിരോധത്തിന്റെ ഭാഗമായി മേളയിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നില്ല.

അബുദാബി കൾച്ചറൽ പ്രോഗ്രാംസ് ആൻഡ് ഹെറിറ്റേജ് ഫെസ്റ്റിവൽസ് കമ്മിറ്റി ചെയർമാനും, അബുദാബി കമാണ്ടർ ഇൻ ചീഫുമായ മേജർ ജനറൽ ഫാരിസ് ഖലാഫ് അൽ മസ്‌റൂഈ മേളയുടെ ഒരുക്കങ്ങളും, സുരക്ഷാ നടപടികളും വിലയിരുത്തി. പതിവുപോലെ, ഇത്തവണയും ലിവ ഡേറ്റ് ഫെസ്റ്റിവലിൽ നിരവധി മത്സരങ്ങളും, കാഴ്ചകളും ഒരുക്കിയിട്ടുണ്ട്. 22 മത്സര ഇനങ്ങളിലായി ഏതാണ്ട് 8.2 ദശലക്ഷം ദിർഹത്തിന്റെ സമ്മാനങ്ങളാണ് ഇത്തവണ മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മേളയുടെ ആദ്യ ദിനം ഏറ്റവും തൂക്കമേറിയ ഈന്തപ്പഴക്കുല കണ്ടെത്തുന്നതിനുള്ള മത്സരം സംഘടിപ്പിക്കുകയുണ്ടായി. ഈന്തപ്പഴത്തിന്റെ രൂപഭംഗി അടിസ്ഥാനമാക്കി 11 മത്സരഇനങ്ങളും, മാങ്ങ, നാരങ്ങ തുടങ്ങിയ ഏഴോളം പഴങ്ങളുടെ മത്സരഇനങ്ങളും, മികച്ച കൃഷിത്തോട്ടം കണ്ടെത്തുന്നതിനുള്ള മൂന്ന് മത്സരങ്ങളും ഈ വർഷത്തെ മേളയിൽ നടത്തുന്നതാണെന്ന് സംഘാടകർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഈന്തപ്പന, ഈന്തപ്പഴം എന്നിവയുടെ സാംസ്‌കാരിക പ്രാധാന്യത്തിന്റെ ആഘോഷത്തോടൊപ്പം, രാജ്യത്തെ ഈന്തപ്പഴ കര്‍ഷകരെ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യവും ലിവ ഡേറ്റ് ഫെസ്റ്റിവൽ നിറവേറ്റുന്നു.

WAM