ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പതിനെട്ടാമത് ജി20 ഉച്ചകോടിയ്ക്ക് ഇന്ന് (2023 സെപ്റ്റംബർ 9, ശനിയാഴ്ച) രാജ്യ തലസ്ഥാനമായ ന്യൂ ഡൽഹിയിൽ തുടക്കമാകും. 2023 സെപ്റ്റംബർ 9, 10 തീയതികളിലാണ് പതിനെട്ടാമത് ജി20 ഉച്ചകോടി സംഘടിപ്പിക്കുന്നത്.
ലോകം നേരിട്ട് കൊണ്ടിരിക്കുന്ന പ്രധാന വെല്ലുവിളികളെ അഭിസംബോധനചെയ്യുന്നതിനുള്ള ഒരു വേദിയാണ് ഈ ഉച്ചകോടി. ലോകനേതാക്കൾ പങ്കെടുക്കുന്ന ഈ ഉച്ചകോടിയിൽ വിവിധ ആഗോള വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നതും, അവയ്ക്ക് പ്രായോഗികമായ പ്രതിവിധികൾ രൂപപ്പെടുന്നതുമാണ്.
“ഒരു ഭൂമി, ഒരേ കുടുംബം, ഒരേ ഭാവി” എന്ന പ്രമേയത്തിൽ ഊന്നിയാണ് പതിനെട്ടാമത് ജി20 ഉച്ചകോടി സംഘടിപ്പിക്കുന്നത്. സുസ്ഥിര വികസനം, ആഗോള സഹകരണം എന്നിവ ഉറപ്പ് വരുത്തുന്നതിനായി ഇന്ത്യ മുന്നോട്ട് വെക്കുന്ന പ്രതിബദ്ധതയുടെ പ്രതിഫലനം എന്ന രീതിയിലാണ് ഈ ആശയം തിരഞ്ഞെടുത്തിരിക്കുന്നത്.
കാലാവസ്ഥാ മാറ്റം, പരിസ്ഥിതി സംരക്ഷണം, സാമ്പത്തിക മേഖലയിലെ വീണ്ടെടുപ്പ്, ഭക്ഷ്യസുരക്ഷ, കാർഷിക മേഖലയുടെ വികസനം, ദാരിദ്രം, അസമത്വം എന്നിവ ഇല്ലായ്മ ചെയ്യൽ, ശാന്തി, സമാധാനം എന്നിവ ഉറപ്പ് വരുത്തൽ തുടങ്ങിയ ആഗോള തലത്തിൽ പ്രാധാന്യമുള്ള വിവിധ വിഷയങ്ങൾ ഈ ഉച്ചകോടിയിൽ ചർച്ച ചെയ്യപ്പെടുന്നതാണ്.
അർജന്റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യുണൈറ്റഡ് കിംഗ്ഡം, യൂറോപ്യൻ യൂണിയൻ തുടങ്ങി 19 രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് ഗ്രൂപ്പ് ഓഫ് ട്വന്റി എന്നറിയപ്പെടുന്ന ജി20.
ജി20 ഉച്ചകോടിയുടെ ഭാഗമായി യു എസ് പ്രസിഡണ്ട് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ മുതലായവർ ഡെൽഹിയിലെത്തിയിട്ടുണ്ട്.
യു എ ഇ, ഒമാൻ, ബംഗ്ലാദേശ്, മൗറീഷ്യസ്, ഈജിപ്ത്, നെതർലൻഡ്‌സ്, നൈജീരിയ, സിംഗപ്പൂർ, സ്പെയിൻ എന്നീ രാജ്യങ്ങളെ പതിനെട്ടാമത് ജി20 ഉച്ചകോടിയിലേക്ക് ഇന്ത്യ പ്രത്യേക അതിഥിരാജ്യങ്ങളായി ക്ഷണിച്ചിട്ടുണ്ട്.
ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹി പോലീസ് നഗരത്തിലുടനീളം സുരക്ഷാ നടപടികൾ വർദ്ധിപ്പിച്ചിട്ടുണ്ട്.
WAM