ഷെയ്ഖ് സായിദ് റോഡിൽ നടന്ന നാലാമത് ദുബായ് റണ്ണിൽ രണ്ട് ലക്ഷത്തോളം പേർ പങ്കെടുത്തു

GCC News

2022 നവംബർ 20-ന് നടന്ന നാലാമത് ദുബായ് റണ്ണിൽ രണ്ട് ലക്ഷത്തോളം പേർ പങ്കെടുത്തു. ദുബായ് മീഡിയ ഓഫീസ് നൽകിയ കണക്കുകൾ പ്രകാരം ഷെയ്ഖ് സായിദ് റോഡിൽ വെച്ച് നടന്ന ദുബായ് റണിൽ 193000-ത്തിലധികം പേരാണ് പങ്കെടുത്തത്.

ദുബായ് കിരീടാവകാശി H.H. ഹംദാൻ ബിൻ മുഹമ്മദിനൊപ്പം ആവേശത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും അവിശ്വസനീയമായ പ്രകടനത്തോടെ അണിനിരന്ന ഇവർ ദുബായ് നഗരത്തിലെ സൂപ്പർഹൈവേയായ ഷെയ്ഖ് സായിദ് റോഡിനെ ഒരു ഭീമൻ റണ്ണിംഗ് ട്രാക്കായി മാറ്റി.

എമിറേറ്റിലെ പ്രവാസികളും, പൗരന്മാരും, സന്ദർശകരും ഉൾപ്പടെ എല്ലാ പ്രായവിഭാഗങ്ങളിൽപ്പെടുന്നവരും ദുബായ് റൺ 2022-ൽ പങ്കെടുത്തു. ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായാണ് ദുബായ് റൺ സംഘടിപ്പിച്ചത്. പങ്കെടുക്കുന്നവരുടെ ബാഹുല്യം കൊണ്ട് ലോകത്തെ തന്നെ ഏറ്റവും വലിയ ഇത്തരത്തിലുള്ള പരിപാടിയാണ് ദുബായ് റൺ.

Source: Dubai Media Office.

നവംബർ 20-ന് പുലർച്ചെ തന്നെ സൺ & സാൻഡ് സ്‌പോർട്‌സ് വിതരണം ചെയ്‌ത ഔദ്യോഗിക ദുബായ് റൺ ടീ-ഷർട്ടുകൾ ധരിച്ച് ഓട്ടക്കാർ തെരുവിലിറങ്ങി.

Source: Dubai Media Office.

മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന്റെ സ്റ്റാർട്ട് ലൈനിൽ നിന്ന് റൺ കിക്ക് ഓഫ് ചെയ്‌തതോടെ നഗരം അക്ഷരാർത്ഥത്തിൽ ഒരു റണ്ണിംഗ് ട്രാക്കായി മാറുകയായിരുന്നു.

Source: Dubai Media Office.

എല്ലാ പ്രായത്തിലും വിഭാഗങ്ങളിലുമുള്ളവർക്കും പങ്കെടുക്കാനാകുന്ന രീതിയിൽ 5 കിലോമീറ്ററും 10 കിലോമീറ്ററും ദൈർഘ്യമുള്ള രണ്ട് റൂട്ടുകളാണ് ദുബായ് റൺ 2022-ൽ ഒരുക്കിയിരുന്നത്. കുടുംബങ്ങൾ, കാൽനടത്തക്കാർ തുടങ്ങിയവർക്കായി 5 കിലോമീറ്റർ നീളുന്ന ഒരു റൂട്ട്, കൂടുതൽ തഴക്കമുള്ള ഓട്ടക്കാർക്കായി 10 കിലോമീറ്റർ നീളമുള്ള മറ്റൊരു റൂട്ട് എന്നിവയാണ് ദുബായ് റണ്ണിൽ ഉൾപ്പെടുത്തിയിരുന്നു. നഗരത്തിലെ പ്രധാന കാഴ്ചകൾക്കരികിലൂടെ ദുബായ് വേൾഡ് ട്രേഡ് സെന്ററിന് സമീപമുള്ള അൽ മുസ്താഖ്ബാൽ സ്ട്രീറ്റിലെ ഫിനിഷിങ്ങ് ലൈൻ വരെയായാണ് ദുബായ് റണ്ണിൽ പങ്കെടുത്തവർ ഓടിയത്.

Source: Dubai Media Office.

“ദുബൈ ഫിറ്റ്നസ് ചലഞ്ച് അതിന്റെ സമാപന വാരത്തിലെത്തുന്ന അവസരത്തിൽ നിരവധി പൗരന്മാരും താമസക്കാരും സന്ദർശകരും അവരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള പ്രതിബദ്ധത പ്രകടമാക്കുന്നത് വളരെ പ്രചോദനകരമാണ്. ദുബായ് റൺ പൂർത്തിയാക്കിയ 193,000 ആളുകളോടൊപ്പം ഞാനും പങ്കെടുത്തപ്പോൾ ഇന്ന്, നമ്മുടെ കൂട്ടായ്മയുടെ ശക്തിയും, നമ്മൾ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ നമുക്ക് എന്ത് നേടാനാകും എന്നതുമാണ് ലോകത്തിന് മുൻപിൽ അവതരിപ്പിച്ചത്.”, ദുബായ് റണ്ണിൽ പങ്കെടുത്ത് കൊണ്ട് H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് പറഞ്ഞു.

കഴിഞ്ഞ വർഷത്തെ ദുബായ് റണ്ണിൽ 146000 പേരാണ് പങ്കെടുത്തത്.

2022 നവംബർ 6-ന് ഷെയ്ഖ് സായിദ് റോഡിൽ സംഘടിപ്പിച്ച മൂന്നാമത് ദുബായ് റൈഡിൽ 34,897 സൈക്കിളോട്ടക്കാർ പങ്കെടുത്തിരുന്നു.