ദുബായ്: COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാത്ത 2 വാണിജ്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

UAE

എമിറേറ്റിലെ വാണിജ്യ മേഖലയിൽ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായി 2 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി ദുബായ് ഇക്കണോമി അറിയിച്ചു. രോഗവ്യാപനം തടയുന്നതിനും, സുരക്ഷാ നിർദ്ദേശങ്ങളെ കുറിച്ച് അവബോധം ഉളവാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ദുബായ് ഇക്കണോമിയുടെ പരിശോധനകൾ എമിറേറ്റിലുടനീളമുള്ള വ്യാപാര കേന്ദ്രങ്ങളിലും, വാണിജ്യ സ്ഥാപനങ്ങളിലും തുടരുകയാണ്.

ജീവനക്കാർക്കിടയിലെ മാസ്കുകളുടെ ഉപയോഗത്തിലുള്ള വീഴ്ചകൾക്കാണ് 2 വ്യാപാര സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയത്. വാണിജ്യ സ്ഥാപനങ്ങളിൽ ഒക്ടോബർ 7-ന്, നടത്തിയ പരിശോധനകളിലാണ് ദുബായ് ഇക്കണോമി ഉദ്യോഗസ്ഥർ ഈ വീഴ്ച്ചകൾ കണ്ടെത്തിയത്.

ഈ പരിശോധനകളിൽ 748 സ്ഥാപനങ്ങളിൽ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് അധികൃതർ കണ്ടെത്തി. അൽ ബുത്തീൻ, അൽ മുറാഖബത് മേഖലകളിലെ കെട്ടിട നിർമ്മാണ വസ്തുക്കൾ വിപണനം ചെയ്യുന്ന ഒരു സ്ഥാപനത്തിലും, ഒരു പണമിടപാട് സ്ഥാപനത്തിലുമാണ് ഈ നിയമലംഘനങ്ങൾ കണ്ടെത്തിയത്.

പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്കായി പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കാൻ മുഴുവൻ സ്ഥാപനങ്ങളോടും ദുബായ് ഇക്കണോമി ആവശ്യപ്പെട്ടിട്ടുണ്ട്. വീഴ്ച്ചകൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള സുരക്ഷാ വീഴ്ച്ചകളെക്കുറിച്ചുള്ള വിവരങ്ങൾ 600545555 എന്ന നമ്പറിലോ, https://consumerrights.ae/ എന്ന വെബ്സൈറ്റിലൂടെയോ, ദുബായ് ഇക്കണോമിയുടെ ആപ്പിലൂടെയോ ഉപഭോക്താക്കൾക്ക് പങ്ക് വെക്കാവുന്നതാണ്.