യു എ ഇയിലെ COVID-19 മരണങ്ങളുമായി ബന്ധപ്പെട്ട് വ്യാജവാർത്ത ചമച്ച രണ്ട് പേർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും, അന്വേഷണത്തിന്റെ ഭാഗമായി ഇവരെ തടവിൽ വെക്കാൻ തീരുമാനിച്ചതായും ഫെഡറൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ പ്രോസിക്യൂഷൻ ചീഫ്, കൗൺസിലർ സാലെം അൽ സാബി അറിയിച്ചു. ഓഗസ്റ്റ് 25-ലെ COVID-19 പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
യു എ ഇയിലെ ഒരു കുടുംബത്തിൽ സംഭവിച്ച COVID-19 മരണത്തെകുറിച്ചുള്ളത് എന്ന രീതിയിൽ അബുദാബിയിലെ ഒരു ടെലിവിഷൻ ചാനലിൽ ഏതാനം ദിവസങ്ങൾക്ക് മുൻപ് തെറ്റായ ഒരു വാർത്ത സംപ്രേക്ഷണം ചെയ്‌തിരുന്നു. “ഇത്തരത്തിൽ വന്ന വാർത്തകൾ വ്യാജമാണ്. ഇത്തരത്തിൽ ഒരു കുടുംബമോ, വാർത്തയിൽ പറയുന്ന സംഭവങ്ങളോ യഥാര്‍ത്ഥത്തിൽ ഉള്ളവയല്ല. വ്യാജമായി നിർമ്മിച്ചുണ്ടാക്കിയതാണ് ഈ വാർത്തയിലെ വിവരങ്ങൾ.”, പത്രസമ്മേളനത്തിൽ പങ്കെടുത്തു കൊണ്ട് നാഷണൽ എമർജൻസി ക്രൈസിസ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) വക്താവ് ഡോ. സൈഫ് അൽ ദഹരി വ്യക്തമാക്കി.
ഇത് സംബന്ധിച്ച് അധികൃതർ അന്വേഷണങ്ങൾ നടത്തിയതായും, 48 മണിക്കൂറിനുള്ളിൽ ആവശ്യമായ നടപടികൾ കൈക്കൊണ്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇത്തരം വ്യാജ പ്രചാരണങ്ങൾ പബ്ലിക് പ്രോസിക്യൂഷൻ ഒരു തരത്തിലും അംഗീകരിക്കുന്നതല്ല. മാധ്യമധർമ്മം പാലിക്കേണ്ടവർ ഉത്തരവാദിത്വമില്ലാതെ പെരുമാറുന്നതിനെതിരെ ശക്തമായ നിയമ നടപടികൾ ഉണ്ടാകുന്നതാണ്. യഥാർത്ഥ വസ്തുതകൾ അന്വേഷിക്കാതെയാണ് ഈ വാർത്ത പുറത്തു വിട്ടത് എന്നത് കുറ്റാരോപിതരുടെ പ്രവർത്തിയുടെ ഗൗരവം വർദ്ധിപ്പിക്കുന്നു.”, കുറ്റക്കാരെ അന്വേഷണത്തിന്റെ ഭാഗമായി തടവിൽ വെക്കാൻ തീരുമാനിച്ചതായി അറിയിച്ച് കൊണ്ട് സാലെം അൽ സാബി വ്യക്തമാക്കി.
COVID-19-നുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് കടുത്ത നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് ഡോ. സൈഫ് അൽ ദഹരി മുന്നറിയിപ്പ് നൽകി. സമൂഹ മാധ്യമങ്ങളിലൂടെയും, മറ്റും വിവരങ്ങൾ പങ്ക് വെക്കുന്ന അവസരത്തിൽ അവയുടെ ആധികാരികത ഉറപ്പാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.