ദുബായിലെ അൽ റാസ് മേഖലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

GCC News

ദുബായിലെ ദെയ്‌റയിലെ അൽ റാസ് പ്രദേശത്ത് അണുനശീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കർശനമായ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജമെന്റ് അറിയിച്ചു. മാർച്ച് 31, ചൊവാഴ്ച്ച മുതൽ 2 ആഴ്ച്ചത്തേക്കാണ് നിയന്ത്രണങ്ങൾ.

ഈ കാലയളവിൽ ഈ പ്രദേശത്തെ ജനങ്ങൾക്ക് ആവശ്യമായ എല്ലാ വസ്തുക്കളും ദുബായ് ഹെൽത്ത് അതോറിറ്റി പ്രവർത്തകർ ആയിരിക്കും എത്തിച്ച് നൽകുക എന്ന് ദുബായ് പോലീസ് അറിയിച്ചിട്ടുണ്ട്.

അൽ റാസിലെ നിവാസികൾ അല്ലാത്തവർക്ക് ഈ മേഖലയിലേക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി RTA ഈ മേഖലയിലേക്കുള്ള എല്ലാ ഗതാഗത സംവിധാനങ്ങളും നിയന്ത്രിക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ടതായി അറിയിച്ചിട്ടുണ്ട്.

പ്രധാന പാതകളായ അൽ മുസല്ല, അൽ ഖലീജ്, ബനിയാസ് സ്ട്രീറ്റ് എന്നിവയിൽ നിന്ന് അൽ റാസിലേക്കുള്ള പ്രവേശനങ്ങൾ തടഞ്ഞിരിക്കുകയാണ്. ബനിയാസ് പ്രദേശത്തേക്കുള്ള ബസ് സർവീസുകൾ അൽ മുസല്ല, അൽ ഖലീജ്, ഒമർ ബിൻ അൽ ഖത്താബ് സ്ട്രീറ്റ് വഴി തിരിച്ചുവിടുന്നതായിരിക്കും. ഈ മേഖലയിലേക്ക് ടാക്സി സംവിധാനങ്ങളും നിർത്തലാക്കിയിട്ടുണ്ട്. ദുബായ് മെട്രോ ഗ്രീൻ ലൈനിലെ
അൽ റാസ്‌, പാം ദെയ്‌റ, ബനിയാസ് സ്‌ക്വയർ എന്നീ മൂന്ന് സ്റ്റേഷനുകൾ അടച്ചിടാനും, ഈ റൂട്ടിലെ മെട്രോ ട്രെയിനുകൾ ഈ സ്റ്റേഷനുകളിൽ നിർത്താതെ യാത്ര തുടരാനും തീരുമാനിച്ചതായും അധികൃതർ അറിയിച്ചിട്ടുണ്ട്.

ജനങ്ങളോട് രണ്ടാഴ്ചത്തേക്കുള്ള ഈ നിയന്ത്രണങ്ങളുമായി സഹകരിക്കാനും സുരക്ഷാ പ്രവർത്തകരുടെ എല്ലാ നിർദ്ദേശങ്ങളും കർശനമായും പാലിക്കാനും അധികൃതർ ആവശ്യപ്പെട്ടു.

Image Credits: Imre Solt [https://commons.wikimedia.org/wiki/Category:Images_by_Imre_Solt]