2020-ലെ കുട്ടികളുടെ അന്താരാഷ്ട്ര പ്രക്ഷേപണ ദിനം മാർച്ച് 1-നു: കുട്ടികൾ പങ്കെടുക്കുന്ന പ്രത്യേക പ്രക്ഷേപണങ്ങളുമായി പ്രവാസി ഭാരതി

GCC News

ആഗോളതലത്തിലുള്ള റേഡിയോ/ ടെലിവിഷൻ മാധ്യമങ്ങളിൽ കുട്ടികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചുള്ള പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനായി 1991-ൽ UNICEF ആരംഭിച്ചതാണ് കുട്ടികളുടെ അന്താരാഷ്ട്ര പ്രക്ഷേപണ ദിനം (International Children’s Day of Broadcasting – ICDB). തുടക്കത്തിൽ എല്ലാ വർഷവും ഡിസംബറിലെ ആദ്യ ഞായറാഴ്ചയായിരുന്നു ഈ പ്രത്യേക ദിനം ആചരിച്ചിരുന്നത്.

കുട്ടികളുടെ പ്രശ്നങ്ങളെ വിശകലനം ചെയ്യുന്നതും, അവയെ അഭിസംബോധന ചെയ്യുന്നതുമായ വാർത്താധിഷ്ഠിത പരിപാടികളും കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികളും എല്ലാം പ്രക്ഷേപണം ചെയ്യുന്നതിനുള്ള ഒരു ആഗോള അവസരമായി ഈ ദിവസം മാറി. ഏതാനം വർഷങ്ങൾ കൊണ്ട് കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പ്രക്ഷേപണങ്ങൾ ഈ ദിവസത്തിന്റെ ഒരു പ്രത്യേകതയായിത്തീർന്നു. വിവിധ മാധ്യമങ്ങളിലൂടെ കുട്ടികൾക്ക് അവരുടെ സ്വപ്നങ്ങളും, ആശയങ്ങളും, ആശകളും പങ്കുവെക്കാനുതകുന്ന പരിപാടികൾ ICDB-യുടെ ഭാഗമായി മാറി.

കുട്ടികളുടെ പ്രശ്നങ്ങളെ ലോകതലത്തിൽ വിശകലനം ചെയ്യാനും അവയെ കുറിച്ച് ആഗോളതലത്തിലുള്ള അവബോധം സൃഷ്ടിക്കാനും റേഡിയോ, ടെലിവിഷൻ മാധ്യമങ്ങൾ വലിയ പങ്കാണ് വഹിക്കുന്നത്. എല്ലാ വർഷവും നൂറിലധികം രാജ്യങ്ങളിലെ ആയിരക്കണക്കിന് റേഡിയോ/ ടെലിവിഷൻ മാധ്യമങ്ങളാണ് ഈ ദിനത്തിന്റെ ഭാഗമാകുന്നത്. 2009 മുതൽ എല്ലാ വർഷവും മാർച്ചിലെ ആദ്യത്തെ ഞായറാഴ്ച്ചയാണ് കുട്ടികളുടെ അന്താരാഷ്ട്ര പ്രക്ഷേപണ ദിനമായി ആചരിക്കുന്നത്. 2020-ൽ, മാർച്ച് 1-നു ആണ് ICDB.

2020-ലെ International Children’s Day of Broadcasting-ന്റെ ഭാഗമായി നിങ്ങളുടെ പ്രിയപ്പെട്ട റേഡിയോ, പ്രവാസി ഭാരതി 1539 AM കുട്ടികളെ അണിനിരത്തികൊണ്ടുള്ള വിവിധ പരിപാടികളാണ് മാർച്ച് 1-നു ഒരുക്കുന്നത്. വാർത്താധിഷ്ഠിത പരിപാടികൾക്ക് എന്നും മുൻതൂക്കം നൽകി വരുന്ന പ്രവാസി ഭാരതി കുട്ടികൾക്ക് റേഡിയോ പ്രക്ഷേപണത്തിന്റെ ഭാഗമാകാൻ ഒരു വലിയ അവസരം നൽകുന്നു. വിവിധ സ്‌കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കാണ് ഈ അവസരം ലഭ്യമാകുക.

കുട്ടികൾക്ക് വാർത്താവിനിമയത്തിനെക്കുറിച്ചും, പ്രക്ഷേപണ സംവിധാനങ്ങളെക്കുറിച്ചും, റേഡിയോ പ്രക്ഷേപണ രംഗത്തെ സാങ്കേതിക മാറ്റങ്ങളെക്കുറിച്ചും അടുത്തറിയാൻ ഈ അവസരം പ്രയോജനപ്രദമാകും എന്ന് പ്രവാസി ഭാരതി ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് ചെയർമാൻ ശ്രീ. ചന്ദ്രസേനൻ അഭിപ്രായപ്പെട്ടു. പ്രവാസി ഭാരതിയുടെ നൂതന സാങ്കേതിക വിദ്യകൾ, പ്രക്ഷേപണ രീതികൾ, ദേശീയ കാഴ്ച്ചപ്പാട് എന്നിവ കുട്ടികൾക്ക് അനുഭവവേദ്യമാക്കുക എന്നതും പ്രക്ഷേപണം എങ്ങിനെ സമൂഹത്തിനു ഉപകാരപ്രദമാകുന്ന ഒന്നാക്കാം എന്നതു കുട്ടികൾക്ക് നേരിട്ട് കണ്ട് പഠിക്കാനും അവസരമൊരുക്കുകയാണ് ഈ ദിനാചരണത്തിലൂടെ പ്രവാസി ഭാരതി ആത്യന്തികമായി ലക്ഷ്യമിടുന്നത്.

UNICEF ആഹ്വാനം ചെയ്ത പോലെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട്, കുട്ടികൾക്ക് വേണ്ടി, കുട്ടികൾ തയ്യാറാക്കി കുട്ടികൾ തന്നെ അവതരിപ്പിക്കുന്ന പരിപാടികളാണ് മാർച്ച് 1-നു ഈ പ്രത്യേക അവസരത്തിൽ പ്രവാസി ഭാരതി പ്രക്ഷേപണം ചെയ്യുന്നത്. ഒരു ദിവസത്തെ പ്രധാനപ്പെട്ട പരിപാടികളെല്ലാം കുട്ടികളെ ഏൽപ്പിച്ചു കൊണ്ടുള്ള ഏറെ ശ്രമകരമായ ഒരു ദൗത്യമാണ് ഇത്. കുട്ടികൾ പങ്കെടുക്കുന്ന “മുത്തശ്ശനും മുത്തശ്ശിയും പിന്നെ ഞാനും” എന്ന ചർച്ച, സല്ലാപ സരിഗമ, റേഡിയോ കാർണിവൽ, സമീക്ഷ തുടങ്ങി പത്തിലധികം പ്രധാന പരിപാടികളിലായി 18 കുട്ടികൾ പ്രവാസി ഭാരതിയുമായി ചേർന്ന് കുട്ടികളുടെ അന്താരാഷ്ട്ര പ്രക്ഷേപണ ദിനത്തിന്റെ ഭാഗമാകുന്നു.