ഇരുപത്താറാമത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2022 ഫെബ്രുവരി 24-ന് ഒമാൻ സാംസ്കാരിക വകുപ്പ് മന്ത്രി H.H. സായിദ് തെയാസീൻ ബിൻ ഹൈതം അൽ സൈദ് ഉദ്ഘാടനം ചെയ്യുമെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഈ വർഷത്തെ മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ സംബന്ധിച്ച വിവരങ്ങൾ പങ്ക് വെക്കുന്നതിനായി 2022 ഫെബ്രുവരി 16-ന് നടന്ന പ്രത്യേക പത്രസമ്മേളനത്തിൽ ഒമാൻ മിനിസ്റ്റർ ഓഫ് ഇൻഫർമേഷൻ ഡോ. അബ്ദുല്ല ബിൻ നസീർ അൽ ഹറാസിയാണ് ഇക്കാര്യം അറിയിച്ചത്.
2022 ഫെബ്രുവരി 24 മുതൽ മാർച്ച് 5 വരെയാണ് ഈ വർഷത്തെ മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ സംഘടിപ്പിക്കുന്നത്. ഈ വർഷത്തെ മസ്കറ്റ് അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രത്യേക അതിഥിയായി സൗത്ത് അൽ ശർഖിയ ഗവർണറേറ്റിനെ തിരഞ്ഞെടുത്തിട്ടുണ്ട്.
27 രാജ്യങ്ങളിൽ നിന്നായി 715 പുസ്തക പ്രസാധകരാണ് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയറിൽ പങ്കെടുക്കുന്നത്. ഏതാണ്ട് മൂന്നര ലക്ഷത്തിൽപരം പുസ്തകങ്ങൾ അവതരിപ്പിക്കുന്ന ഈ മേളയിൽ നൂറിലധികം സാംസ്കാരിക പരിപാടികൾ അരങ്ങേറുന്നതാണ്.
കൊറോണ വൈറസ് പശ്ചാത്തലത്തിൽ കർശനമായ മുൻകരുതൽ നടപടികൾക്ക് വിധേയമായാണ് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ സംഘടിപ്പിക്കുന്നതെന്ന് ഡോ. അബ്ദുല്ല ബിൻ നസീർ അൽ ഹറാസി വ്യക്തമാക്കി. പുസ്തകമേളയിൽ പങ്കെടുക്കുന്നവർക്കിടയിൽ രോഗവ്യാപനം ഒഴിവാക്കുന്നതിനായി മാസ്കുകളുടെ ഉപയോഗം, സാമൂഹിക അകലം എന്നിവ ഏർപ്പെടുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ വേദിയിൽ സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കുന്നതിനായി ഒരു കൾച്ചറൽ കമ്മിറ്റിയെ നിയോഗിച്ചതായി മിനിസ്ട്രി ഓഫ് കൾച്ചർ അണ്ടർ സെക്രട്ടറി സയ്യിദ് സൈദ് ബിൻ സുൽത്താൻ അൽ ബുസൈദി അറിയിച്ചു. ഈ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ കാവ്യസന്ധ്യകൾ, പ്രഭാഷണങ്ങൾ എന്നിവ ഉൾപ്പടെ പതിമൂന്നോളം സാംസ്കാരിക പ്രവർത്തനങ്ങൾ മേളയിൽ അരങ്ങേറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം എഴുപത് ശതമാനം ശേഷിയിലാണ് മേള സംഘടിപ്പിക്കുന്നത്. ഈ തീരുമാന പ്രകാരം, പ്രതിദിനം അമ്പതിനായിരം സന്ദർശകർക്കാണ് മേളയിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
അറബ് ലോകത്തെ പ്രധാനപ്പെട്ട പുസ്തകമേളകളിലൊന്നായ മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേള 1992-ലാണ് ആദ്യമായി സംഘടിപ്പിക്കപ്പെട്ടത്. അന്താരാഷ്ട്ര പ്രസാധകരും, എഴുത്തുകാരും പങ്കെടുക്കുന്ന ഈ പുസ്തകമേള ഒമാനിലെ പ്രധാന സാംസ്കാരിക മേളകളിലൊന്നാണ്.