അബുദാബി: സ്‍മാർട്ട് ട്രാൻസ്‌പോർട്ട് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമിട്ടതായി ITC

UAE

യാസ് ഐലൻഡ്, സാദിയത് ഐലൻഡ് എന്നിവിടങ്ങളിലെ സ്‍മാർട്ട് ട്രാൻസ്‌പോർട്ട് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമിട്ടതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാസ്പോർട്ട് സെന്റർ (ITC) അറിയിച്ചു. 2022 ഒക്ടോബർ 7-നാണ് ITC ഇക്കാര്യം അറിയിച്ചത്.

ഇതോടെ യാസ് ഐലൻഡ്, സാദിയത് ഐലൻഡ് എന്നിവിടങ്ങളിൽ ഈ പദ്ധതിയുടെ ഭാഗമായി ആകെ എട്ട് സ്വയംപ്രവർത്തിക്കുന്ന ടാക്സി വാഹനങ്ങൾ, നാല് ചെറു റോബോബസുകൾ, പതിനഞ്ച് ചാർജിങ്ങ് സ്റ്റേഷനുകൾ എന്നിവ പ്രവർത്തിക്കുന്നതായി ITC വ്യക്തമാക്കി. നിർമ്മിതബുദ്ധി, ജിയോ-സ്പേഷൽ സാങ്കേതികവിദ്യകളിലൂന്നിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

എമിറേറ്റിലെ പൊതുഗതാഗത സേവനങ്ങൾക്കായി പരിസ്ഥിതിസൗഹൃദമായതും, കാര്യക്ഷമതയുള്ളതുമായ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള അബുദാബിയുടെ നയത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി യാസ് ഐലൻഡ്, സാദിയത് ഐലൻഡ് എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന സ്വയംപ്രവർത്തിക്കുന്ന ടാക്സി വാഹനങ്ങൾ പൂർണ്ണമായും സ്വയം ഡ്രൈവ് ചെയ്യുന്ന അബുദാബിയിലെ ആദ്യത്തെ ടാക്സികളാണ്.

ഈ വർഷം മെയ് മാസത്തിലാണ് ഈ വാഹനങ്ങൾ ആദ്യമായി ഏർപ്പെടുത്തിയത്. മിനി റോബോബസുകൾ കഴിഞ്ഞ ജൂൺ മാസത്തിലാണ് ആദ്യമായി പ്രവർത്തനമാരംഭിച്ചത്.