എമിറേറ്റിലെ വാണിജ്യ മേഖലയിൽ COVID-19 പ്രതിരോധ നടപടികൾ നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായി 3 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി ദുബായ് ഇക്കണോമി അറിയിച്ചു. നവംബർ 4-ന് നടത്തിയ പരിശോധനകളിലാണ് ദുബായ് ഇക്കണോമി ഉദ്യോഗസ്ഥർ ഈ വീഴ്ച്ചകൾ കണ്ടെത്തിയത്.
പിഴ ചുമത്തപ്പെട്ട സ്ഥാപനങ്ങളിൽ ജീവനക്കാർക്കിടയിൽ മാസ്കുകൾ ഉപയോഗിക്കുന്നതിലെ വീഴ്ച്ചകളാണ് കണ്ടെത്തിയത്. ദുബായിലെ ഒരു വാണിജ്യ കേന്ദ്രത്തിലെ 3 ചില്ലറ വില്പനശാലകളിലാണ് ഈ ലംഘനങ്ങൾ കണ്ടെത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. ഈ പരിശോധനകളിൽ 748 സ്ഥാപനങ്ങളിൽ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് അധികൃതർ കണ്ടെത്തി.
പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്കായി പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കാൻ മുഴുവൻ സ്ഥാപനങ്ങളോടും ദുബായ് ഇക്കണോമി ആവശ്യപ്പെട്ടിട്ടുണ്ട്. വീഴ്ച്ചകൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള സുരക്ഷാ വീഴ്ച്ചകളെക്കുറിച്ചുള്ള വിവരങ്ങൾ 600545555 എന്ന നമ്പറിലോ, https://consumerrights.ae/ എന്ന വെബ്സൈറ്റിലൂടെയോ, ദുബായ് ഇക്കണോമിയുടെ ആപ്പിലൂടെയോ ഉപഭോക്താക്കൾക്ക് പങ്ക് വെക്കാവുന്നതാണ്.