യു എ ഇ: സന്ദർശക വിസകളിലുള്ളവർക്ക് 30 ദിവസത്തെ അധിക സമയം അനുവദിക്കും

UAE

മാർച്ച് 1-നു ശേഷം കാലാവധി അവസാനിച്ച ടൂറിസ്റ്റ്, സന്ദർശക വിസകളിലുള്ളവർക്ക് ഓഗസ്റ്റ് 11-നു ശേഷം, 30 ദിവസത്തെ അധിക സമയം അനുവദിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) ട്വിറ്ററിലൂടെ അറിയിച്ചു. ഈ ഒറ്റത്തവണ മാത്രം അനുവദിക്കുന്ന അധിക സമയം, ഇത്തരം വിസകളിലുള്ളവർക്ക് രാജ്യത്തുനിന്ന് മടങ്ങുന്നതിനോ, വിസ സ്റ്റാറ്റസ് മാറ്റുന്നതിനോ ഉപയോഗിക്കാവുന്നതാണ്.

മാർച്ച് 1-നു ശേഷം സന്ദർശക വിസാ കാലാവധി അവസാനിച്ചവർക്ക് പിഴകൂടാതെ യു എ ഇയിൽ നിന്ന് മടങ്ങാൻ ഓഗസ്റ്റ് 10 വരെ അവസരം നൽകുമെന്നാണ് ICA നേരത്തെ അറിയിച്ചിരുന്നത്. ജൂലൈ 12 മുതൽ ഓഗസ്റ്റ് 10 വരെ, 30 ദിവസത്തെ സമയമാണ് പിഴകൂടാതെ രാജ്യത്ത് തുടരുന്നതിന് സന്ദർശക വിസകളിലുള്ളവർക്ക് നൽകിയിട്ടുള്ളതെന്ന് ജൂലൈ 12-നു ICA വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഇതിനു പുറമെ, ഓഗസ്റ്റ് 11-നു ശേഷം മുപ്പതു ദിവസത്തെ അധിക സമയം കൂടി അനുവദിക്കാൻ തീരുമാനിച്ചതായി ICA ജൂലൈ 16-നു പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നുണ്ട്.

ഈ അധിക സമയം അനുവദിക്കുന്നതിനുള്ള നടപടികൾ അധികൃതർ നേരിട്ട് കൈക്കൊള്ളുമെന്നാണ് അറിയാൻ കഴിയുന്നത്. ഇത് ഒരുതവണത്തേക്ക് മാത്രം നൽകുന്ന ഇളവ് ആണെന്നും അറിയിപ്പിൽ പറയുന്നുണ്ട്. എന്നാൽ ഈ അധിക സമയം നേടുന്നതിനുള്ള നടപടികളെക്കുറിച്ച് കൂടുതൽ വ്യക്തത അധികൃതരിൽ നിന്ന് ലഭിക്കേണ്ടതുണ്ട്.

ദുബായിൽ നിന്ന് അനുവദിച്ചിട്ടുള്ള സന്ദർശക വിസകൾക്ക് ഓഗസ്റ്റ് 10-നു ശേഷമുള്ള ഈ അധിക സമയം ബാധകമല്ലെന്നാണ് എമിറേറ്റിലെ വിസ കേന്ദ്രങ്ങളിൽ നിന്ന് അറിയാൻ കഴിയുന്നത്. അതിനാൽ കൂടുതൽ വ്യക്തത ലഭിക്കുന്നത് വരെ ഓഗസ്റ്റ് 10-നു മുൻപായി സന്ദർശക വിസകളുടെ സ്റ്റാറ്റസ് പുതുക്കുകയോ, അല്ലെങ്കിൽ നാടുകളിലേക്ക് മടങ്ങുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുകയോ ചെയ്യുന്നതാണ് അഭികാമ്യം.