കഴിഞ്ഞ ഏതാനം ദിനങ്ങളിലായി യു എ ഇ പൗരന്മാർക്കിടയിൽ COVID-19 രോഗബാധയിൽ 30 ശതമാനം വർധനവ് രേഖപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി അബ്ദുൾ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ് അറിയിച്ചു. ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നതിലെ വീഴ്ച്ചകളും, സാമൂഹിക സന്ദർശനങ്ങളും, ഒത്തുചേരലുകളും സമൂഹത്തിൽ ഉണ്ടാക്കാവുന്ന അപകട ഭീഷണി ഇത് പ്രകടമാക്കുന്നുവെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. രാജ്യത്തെ കൊറോണാ വൈറസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങൾ അറിയിക്കുന്നതിനായി യു എ ഇ സർക്കാർ അബുദാബിയിൽ ഓഗസ്റ്റ് 6, വ്യാഴാഴ്ച നടത്തിയ പ്രത്യേക മാധ്യമ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
“രാജ്യത്തെ കൊറോണ വൈറസ് സാഹചര്യം നിയന്ത്രിക്കുന്നതിനുള്ള എല്ലാ നടപടികളും അധികൃതർ നടപ്പിലാക്കുന്നുണ്ട്. എന്നാൽ യു എ ഇ പൗരന്മാർക്കിടയിൽ COVID-19 രോഗബാധയിൽ പ്രകടമാകുന്ന 30 ശതമാനം വർധനവ് തീർത്തും ദൗർഭാഗ്യകരമാണ്. സാമൂഹിക അകലം പാലിക്കുന്നതിൽ വരുത്തുന്ന പിഴവുകൾ, ഇത്തരം മുൻകരുതലുകളോടുള്ള സമര്‍പ്പണബോധത്തിന്റെ കുറവ് എന്നിവ ഇത് പ്രകടമാക്കുന്നു. സാമൂഹിക ഒത്തുചേരലുകൾ, സന്ദർശങ്ങൾ എന്നിവ നമ്മുടെ പരമ്പരാഗതമായ ശീലമാണെങ്കിലും, ഈ പ്രത്യേക സാഹചര്യത്തിൽ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പൊതു സമൂഹത്തിലെ എല്ലാവരുടെയും സുരക്ഷ മുൻനിർത്തി ജനങ്ങൾ ഇത്തരം നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.”, അൽ ഒവൈസ് പ്രതിരോധ മുൻകരുതലുകളെക്കുറിച്ചും, സമൂഹ അകലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വ്യക്തമാക്കി.
“പകർച്ചവ്യാധി പടർന്നുപിടിക്കുന്ന അസാധാരണമായ സാഹചര്യത്തില്‍ നമ്മുടെ കുടുംബങ്ങളെയും സമൂഹത്തെയും സംരക്ഷിക്കുന്നതിന് എല്ലാവരും ജാഗ്രതയും കരുതലും പാലിക്കേണ്ടത് അനിവാര്യമാകുന്നു. ഇത്തരം നിർദ്ദേശങ്ങൾ അവഗണിക്കുന്ന തരത്തിലുള്ള രീതികൾ സമൂഹത്തിൽ, പ്രത്യേകിച്ച് പ്രായമായവർക്കിടയിലും, വിട്ടുമാറാത്ത രോഗങ്ങൾ ഉള്ളവർക്കിടയിലും രോഗവ്യാപനത്തിനു കാരണമാകുന്നു.”, അദ്ദേഹം കൂട്ടിച്ചേർത്തു.
“രാജ്യത്തെ ആകെയുള്ള കൊറോണ വൈറസ് സാഹചര്യം നിയന്ത്രണത്തിലാണെന്നുള്ളതിന്റെ നിരവധി സൂചനകൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രകടമാണ്. ദിനംപ്രതിയുള്ള കുറഞ്ഞ രോഗവ്യാപന നിരക്ക്, ഉയർന്ന രോഗശമന നിരക്ക്, തുടർച്ചയായ ദിവസങ്ങളിൽ മരണങ്ങൾ രേഖപ്പെടുത്താത്ത സാഹചര്യം എന്നിവ തീർച്ചയായും നല്ല സൂചനകളാണ്. എന്നാൽ ഇവ COVID-19 ഉയർത്തുന്ന വെല്ലുവിളികൾ പൂർണ്ണമായും അവസാനിച്ചു എന്നതിന്റെ സൂചനയായി കണക്കാക്കരുത്.”, അദ്ദേഹം സമൂഹത്തെ ഓർമ്മപ്പെടുത്തി.
“പ്രതിരോധ നടപടികളിലെയും, സുരക്ഷാ മുൻകരുതലുകളിലെയും അവഗണന, എത്ര ചെറിയതാണെങ്കിലും, വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് മറ്റ് രാജ്യങ്ങളുടെ അനുഭവങ്ങൾ സൂചിപ്പിക്കുന്നത്.”, അൽ ഒവൈസ് വ്യക്തമാക്കി. പ്രതിരോധ, ആരോഗ്യ, സുരക്ഷാ നടപടികൾ സ്വീകരിക്കുന്നതില്‍ മുഴുവൻ ജനസമൂഹത്തിന്റെയും ഒറ്റക്കെട്ടായ പിന്തുണയും, സഹകരണവും രാജ്യത്തിന്റെ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിന്റെ വേഗത വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.