സംസ്ഥാനത്ത് COVID-19 പരിശോധനയ്ക്ക് നാല് സർക്കാർ ലാബുകൾ കൂടി

Kerala News

എറണാകുളം, കോട്ടയം, കണ്ണൂർ, മഞ്ചേരി എന്നീ നാല് മെഡിക്കൽ കോളേജുകളിൽ കൂടി കോവിഡ്-19 സ്ഥിരീകരിക്കുന്നതിനുള്ള റിയൽ ടൈം പിസിആർ ലാബുകൾ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഇവയിൽ എറണാകുളം മെഡിക്കൽ കോളേജിന് ഐ.എസി.എം.ആർ. അനുമതി ലഭിച്ചിട്ടുണ്ട്. ഇന്നുമുതൽ ഈ ലാബിന്റെ പ്രവർത്തനം ആരംഭിച്ചു.

ഐ.സി.എം.ആറിന്റെ അനുമതി ലഭിച്ചാലുടൻ മറ്റ് മൂന്ന് ലാബുകളിൽ കൂടി പരിശോധനകൾ തുടങ്ങാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

എറണാകുളം മെഡിക്കൽ കോളേജിന് കൂടി ഐ.സി.എം.ആർ. അനുമതി ലഭിച്ചതോടെ കേരളത്തിൽ 11 സർക്കാർ ലാബുകളിലാണ് കോവിഡ് 19 പരിശോധന നടത്തുന്നത്. എൻ.ഐ.വി. ആലപ്പുഴയിലായിരുന്നു ആരംഭ ഘട്ടത്തിൽ പരിശോധനകൾ നടത്തിയിരുന്നത്.

കോഴിക്കോട് മെഡിക്കൽ കോളേജ്, തിരുവനന്തപുരം മെഡിക്കൽ കോളേജ്, തൃശൂർ മെഡിക്കൽ കോളേജ്, തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബ്, തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി, മലബാർ ക്യാൻസർ സെന്റർ, കോട്ടയം ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ബയോമെഡിക്കൽ റിസർച്ച്, കാസർഗോഡ് സെന്റർ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് കോവിഡ് 19 പരിശോധന നടത്തി വരുന്നത്. ഇത് കൂടാതെ കോഴിക്കോട്, എറണാകുളം ജില്ലകളിലെ രണ്ട് സ്വകാര്യ ലാബകളിലും പരിശോധന നടന്നു വരുന്നു.

സംസ്ഥാനത്ത് കോവിഡ് പരിശോധനകൾ വേഗത്തിലാക്കാൻ 10 റിയൽ ടൈം പിസിആർ മെഷീനുകൾ വാങ്ങാൻ സർക്കാർ അനുമതി നൽകിയിരുന്നു. ഇതുപയോഗിച്ചാണ് പുതിയ ലാബുകൾ സജ്ജമാക്കിയത്.