ഒമാൻ: ദേശീയ പരിശോധനാ സർവേയുടെ നാലു ഘട്ടങ്ങളും പൂർത്തിയായതായി ആരോഗ്യ മന്ത്രാലയം

Oman

ഒമാനിലെ COVID-19 രോഗവ്യാപനത്തിന്റെ തോത് കണ്ടെത്തുന്നതിനായി നടത്തിയ ദേശീയ പരിശോധനാ സർവേയുടെ നാല് ഘട്ടങ്ങളും പൂർത്തിയായതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഡിസംബർ 2-നാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഈ സർവേയുടെ നാലാമത്തെയും, അവസാനത്തെയും ഘട്ടം നവംബർ 8 മുതൽ ആരംഭിച്ചിരുന്നു.

ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ജനറൽ ഫോർ ഡിസീസ് സർവൈലൻസ്‌ ആൻഡ് കൺട്രോളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യത്തെ COVID-19 രോഗവ്യാപനത്തിന്റെ വിവിധ വശങ്ങൾ ആഴത്തിൽ പഠിക്കുന്നതിനായി നടത്തിയ ദേശീയ പരിശോധനാ സർവേയുടെ നാല് ഘട്ടങ്ങളും പൂർത്തിയാക്കിയതായി ഡയറക്ടറേറ്റ് ജനറൽ വ്യക്തമാക്കി.

സർവേയുടെ ഭാഗമായ എല്ലാ വ്യക്തികളോടും ഡയറക്ടറേറ്റ് ജനറൽ നന്ദി അറിയിച്ചു. ഇതിന്റെ എല്ലാ ഘട്ടങ്ങളിലും ദേശീയ സർവേ നടപടിയോട് സമൂഹം മികച്ച രീതിയിൽ പ്രതികരിച്ചതായും ഡയറക്ടറേറ്റ് ജനറൽ വ്യക്തമാക്കി. ഒമാനിലെ വിവിധ പ്രായവിഭാഗങ്ങളിലുള്ളവരുടെ ഇടയിലെ രോഗവ്യാപനത്തിന്റെ തോത് അറിയുന്നതിനും, രാജ്യത്തെ COVID-19 രോഗത്തിന്റെ വ്യാപനത്തിന്റെ വ്യാപ്‌തി മനസ്സിലാക്കുന്നതിനുമാണ് ഈ സർവേ നടപ്പിലാക്കിയത്. ഒമാനിലെ വിവിധ ഗവർണറേറ്റുകളിലെ ജനങ്ങൾക്കിടയിലെ രോഗവ്യാപനം മനസ്സിലാക്കുന്നതിനും, രോഗലക്ഷണങ്ങൾ പ്രകടമാക്കാത്തവരിലെ രോഗനിരക്ക് പഠനവിധേയമാക്കുന്നതിനും ഈ വിവരശേഖരണം സഹായകമായതായും അധികൃതർ അറിയിച്ചു.

ലബോറട്ടറി പരിശോധനകൾ പൂർത്തിയാക്കുന്നതോടെ ഈ ദേശീയ പരിശോധനാ സർവേയുടെ അന്തിമ ഫലങ്ങൾ പുറത്തുവിടുമെന്നും ഡയറക്ടറേറ്റ് ജനറൽ കൂട്ടിച്ചേർത്തു. രാജ്യവ്യാപകമായി നടത്തിയ ഈ സർവേയുടെ ആദ്യ ഘട്ടം ജൂലൈ 12-നും, രണ്ടാം ഘട്ടം ഓഗസ്റ്റ് 16-നും, മൂന്നാം ഘട്ടം സെപ്റ്റംബർ 27-നുമാണ് ആരംഭിച്ചിരുന്നത്.