സൗദി അറേബ്യ: ഡാക്കർ റാലി ആദ്യ ഘട്ടം ജനുവരി 3 മുതൽ ആരംഭിക്കുന്നു

Saudi Arabia

സൗദി അറേബ്യയിൽ വെച്ച് നടക്കുന്ന നാല്പത്തിമൂന്നാമത് ഡാക്കർ റാലിയുടെ ആദ്യ ഘട്ടം ഇന്ന് (2021, ജനുവരി 3) ആരംഭിക്കും. സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷനുമായി ചേർന്നാണ് സൗദിയിൽ ഡാക്കർ റാലി സംഘടിപ്പിക്കുന്നത്.

https://twitter.com/dakar/status/1345422101583441921

2021 ജനുവരി 3 മുതൽ 15 വരെയാണ് നാല്പത്തിമൂന്നാമത് ഡാക്കർ റാലി സൗദിയിൽ വെച്ച് നടത്തുന്നത്. പന്ത്രണ്ട് ഘട്ടങ്ങളിലായി ഏതാണ്ട് 7646 കിലോമീറ്റർ വരുന്ന അതികഠിനമായ പാതകളിലൂടെയാണ് ഡാക്കർ റാലിയിൽ പങ്കെടുക്കുന്ന ഡ്രൈവർമാർ തങ്ങളുടെ ഡ്രൈവിംഗ് വൈഭവം തെളിയിക്കുക. 14 ദിവസം നീണ്ട് നിൽക്കുന്ന 2021 ഡാക്കർ റാലി ജിദ്ദയിൽ നിന്ന് ആരംഭിച്ച് ചെങ്കടലിന്റെ തീരങ്ങളിലുള്ള മരുഭൂമിയിലെ പാതകളിലൂടെ തിരികെ ജിദ്ദയിലേക്ക് മടങ്ങുന്ന രീതിയിലാണ് സംഘടിപ്പിക്കുന്നത്.

ബൈക്ക്, ക്വാഡ്, കാർ, യു ടി വി, ട്രക്ക് എന്നീ വിഭാഗങ്ങളിലായി മുന്നൂറിലധികം ഡ്രൈവർമാർ 2021-ലെ ഡാക്കർ റാലിയിൽ പങ്കെടുക്കുന്നുണ്ട്. ജനുവരി 3-ന് ആരംഭിക്കുന്ന റാലിയുടെ ആദ്യ ഘട്ടം ജിദ്ദയിൽ നിന്ന് ആരംഭിച്ച് ബിഷയിൽ അവസാനിക്കുന്ന രീതിയിലാണ് രൂപകൽപന ചെയ്തിട്ടുള്ളത്. 622 കിലോമീറ്റർ ദൈർഘ്യമുള്ള ആദ്യ ഘട്ടം കഠിനമായ പാറകെട്ടുകൾ ഉള്ള ഭൂപ്രദേശങ്ങളിലൂടെയും, താഴ്‌വാരങ്ങളിലൂടെയുമാണ് കടന്ന് പോകുന്നത്.

ഇത് രണ്ടാം തവണയാണ് ഡാക്കർ റാലി സൗദിയിൽ വെച്ച് നടത്തുന്നത്. 2020-ലെ ഡാക്കർ റാലിയും സൗദിയിൽ വെച്ചാണ് നടത്തിയത്. സൗദിയ്ക്ക് പുറമെ മറ്റു രണ്ട് രാജ്യങ്ങൾ കൂടി ഉൾപ്പെടുത്തി നടത്താൻ ഉദ്ദേശിച്ചിരുന്ന 2021 ഡാക്കർ റാലി COVID-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും സൗദിയിൽ വെച്ച് നടത്താൻ തീരുമാനിക്കുകയായിരുന്നു.