COVID-19 വാക്സിൻ സ്വീകരിക്കാൻ സന്നദ്ധത പ്രകടമാക്കുന്നവരെ കണ്ടെത്തുന്നതിനായി കുവൈറ്റിൽ ഡിസംബർ 10 മുതൽ ആരംഭിച്ച പ്രാഥമിക രജിസ്‌ട്രേഷൻ നടപടികളിൽ ഇതുവരെ 44000-ത്തിൽ പരം ആളുകൾ പങ്കെടുത്തു. പൊതുജനങ്ങൾക്ക് ഇതിനായി രജിസ്‌ട്രേഷൻ നടത്തുന്നതിനുള്ള സംവിധാനം ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ലഭ്യമാക്കിയിരിക്കുന്നത്.
ആദ്യം രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നത് ആദ്യം വാക്സിൻ ലഭിക്കുന്നതിനുള്ള മുൻഗണന അല്ലെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദ് നേരത്തെ വ്യക്തമാക്കിയിരുന്നു. മുൻഗണനാ വിഭാഗങ്ങളെ കണ്ടെത്തുന്നതിൽ മന്ത്രാലയത്തെ സഹായിക്കുന്നതിനായാണ് ഈ പ്രാഥമിക രജിസ്‌ട്രേഷൻ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യ ഘട്ടത്തിൽ അടിയന്തിരമായി വാക്സിൻ നൽകാൻ ഉദ്ദേശിക്കുന്ന ജനവിഭാഗങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ മന്ത്രാലയം അറിയിക്കുന്നതാണ്.
വാക്സിൻ വിതരണം സംബന്ധിച്ച് തീരുമാനങ്ങൾ കൈകൊള്ളുന്നതിനും, ഓരോ മേഖലയിലും ആവശ്യമായ വാക്സിനിന്റെ അളവ് മനസിലാക്കുന്നതിനും ഈ രജിസ്‌ട്രേഷൻ മന്ത്രാലയത്തിന് ഉപയോഗപ്പെടുന്നതാണ്. പൗരന്മാരുടെ എണ്ണം, പ്രവാസികളുടെ എണ്ണം, നിയമ ലംഘകരായി തുടരുന്ന പ്രവാസികളുടെ എണ്ണം മുതലായ നിരവധി വിവരങ്ങൾ ശേഖരിക്കാൻ ഇത് മന്ത്രാലയത്തിന് സഹായകമാകുമെന്നും ഡോ. അബ്ദുല്ല അൽ സനദ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിൻ രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ മുൻനിര പ്രവർത്തകർക്കും മറ്റും അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചതായി ഡിസംബർ 13-ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഈ മാസം അവസാനത്തോടെ ഫൈസർ വാക്സിനിന്റെ ആദ്യ ബാച്ച് കുവൈറ്റിലെത്തുമെന്നാണ് കരുതുന്നത്.
ഇത് എത്തുന്നതോടെ വാക്സിൻ നൽകുന്നതിനുള്ള പ്രവർത്തങ്ങൾ കുവൈറ്റ് ആരംഭിക്കുന്നതാണ്. ഇതിന്റെ പ്രവർത്തന മാനദണ്ഡങ്ങളും, സമഗ്രമായ പ്രവർത്തന പദ്ധതികളും മന്ത്രാലയം തയ്യാറാക്കിയതായി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ആദ്യ ഘട്ടത്തിൽ പ്രതിദിനം 10000 പേർക്ക് വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്നാണ് സൂചന. പ്രായമായവർ, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, ആരോഗ്യ പ്രവർത്തകർ മുതലായ വിഭാഗങ്ങൾക്കായിരിക്കും മുൻഗണന എന്നാണ് പ്രതീക്ഷിക്കുന്നത്.