44-മത് ജിടെക്സ് ഗ്ലോബൽ നാളെ (2024 ഒക്ടോബർ 14, തിങ്കളാഴ്ച) ആരംഭിക്കും. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നാല്പത്തിനാലാമത് ജിടെക്സ് ഗ്ലോബൽ 2024 ഒക്ടോബർ 14 മുതൽ 18 വരെ നീണ്ട് നിൽക്കും. ദുബായ് വേൾഡ് ട്രേഡ് സെന്റർ, ദുബായ് ഹാർബർ എന്നിങ്ങനെ രണ്ട് പ്രധാന വേദികളിലായാണ് ഇത്തവണത്തെ ജിടെക്സ് ഗ്ലോബൽ സംഘടിപ്പിക്കുന്നത്.
ഇത്തവണത്തെ ജിടെക്സ് ഗ്ലോബൽ മേളയിൽ ദുബായ് സർക്കാരിന്റെ വലിയ പങ്കാളിത്തം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഡിജിറ്റൽ ദുബൈക്ക് പുറമെ, നാല്പത്തഞ്ചോളം പൊതു, സ്വകാര്യ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ഒരു സംയുക്ത പവലിയൻ ദുബായ് സർക്കാരിന്റെ ഭാഗമായി ഒരുക്കുന്നതാണ്.
ഈ പവലിയനിൽ ഡിജിറ്റൽ ദുബായ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി ഒരു പ്രത്യേക മേഖല ഒരുക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. നിർമ്മിതബുദ്ധിയുടെ പ്രാധാന്യം എടുത്ത് കാട്ടുന്നതിനായാണിത്.
ഡിജിറ്റൽ ട്രാൻസ്ഫോർമേഷന്റെ അടുത്ത ഘട്ടത്തിൽ വാണിജ്യ പ്രവർത്തനങ്ങൾ, സേവനങ്ങൾ, സർക്കാർ പരിപാടികൾ എന്നിവ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് കൊണ്ട് കൂടുതൽ കാര്യക്ഷമമാക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുന്ന ഡിജിറ്റൽ ദുബായിയുടെ നയത്തിന്റെ ഭാഗമായാണിത്.
ഇത്തവണ നാല്പതോളം എക്സിബിഷൻ ഹാളുകളിലായാണ് ജിടെക്സ് ഗ്ലോബൽ സംഘടിപ്പിക്കുന്നത്. ജിടെക്സ് ഗ്ലോബൽ 2024-ൽ 180 രാജ്യങ്ങളിൽ നിന്നായി ആറായിരത്തിൽ പരം കമ്പനികൾ പങ്കെടുക്കുന്നതാണ്.
1800-ൽ പരം പ്രഭാഷകരും ഈ മേളയിൽ പങ്കെടുക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, മൊബിലിറ്റി, സസ്‌റ്റൈനബിൾ ടെക് തുടങ്ങിയ മേഖലകളിലെ പ്രമുഖ കമ്പനികൾ ഈ മേളയിൽ പങ്കെടുക്കുന്നുണ്ട്.
WAM