രാജ്യത്ത് ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകളുടെ മുഴുവൻ ഡോസുകളും സ്വീകരിക്കാതെ സൗദിയിലേക്ക് പ്രവേശിക്കുന്നവർക്ക് 48 മണിക്കൂർ ഹോം ക്വാറന്റീൻ നിർബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഒക്ടോബർ 4-ന് രാത്രിയാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഇത്തരം യാത്രികർ സൗദിയിലെത്തിയ ശേഷം 48 മണിക്കൂർ നിർബന്ധ ഹോം ക്വാറന്റീൻ പാലിക്കേണ്ടതാണെന്ന് അധികൃതർ വ്യക്തമാക്കി. ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ആവശ്യമായി വരുന്നവർക്കൊഴികെ ഈ വിഭാഗത്തിൽപ്പെടുന്ന മറ്റെല്ലാവർക്കും ഈ നിബന്ധന ബാധകമാണ്.
ഇതോടെ ഫൈസർ ബയോഎൻടെക്, ഓക്സ്ഫോർഡ് ആസ്ട്രസെനേക, മോഡർന എന്നീ വാക്സിനുകളുടെ രണ്ട് ഡോസ്, ജോൺസൻ ആൻഡ് ജോൺസൺ പുറത്തിറക്കിയിട്ടുള്ള വാക്സിന്റെ ഒരു ഡോസ് എന്നിവ സ്വീകരിക്കാതെ സൗദിയിലേക്ക് പ്രവേശിക്കുന്നവർക്ക് 48 മണിക്കൂർ ഹോം ക്വാറന്റീൻ ബാധകമാകുന്നതാണ്. ഈ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഇത്തരത്തിൽ ഹോം ക്വാറന്റീനിൽ തുടരുന്നവർ, സൗദിയിലേക്ക് പ്രവേശിച്ച് 48 മണിക്കൂറിനകം PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഈ ടെസ്റ്റിൽ നെഗറ്റീവ് ലഭിക്കുന്നതോടെ ഹോം ക്വാറന്റീൻ അവസാനിക്കുന്നതാണ്. എട്ട് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ഈ ടെസ്റ്റ് ഒഴിവാക്കിയിട്ടുണ്ടെങ്കിലും, ഇവർക്കും 48 മണിക്കൂർ ഹോം ക്വാറന്റീൻ ബാധകമാണ്.