ദുബായ് റൺ 2022 നവംബർ 20-ന്; രജിസ്‌ട്രേഷൻ തുടരുന്നു

GCC News

ഷെയ്ഖ് സായിദ് റോഡിൽ വെച്ച് നടത്തുന്ന ദുബായ് റണിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്‌ട്രേഷൻ തുടരുന്നതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. 2022 നവംബർ 16-നാണ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

നാലാമത് ദുബായ് റൺ 2022 നവംബർ 20-ന് സംഘടിപ്പിക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇതിനായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി വരുന്നതായി അധികൃതർ വ്യക്തമാക്കി.

ദുബായ് റണിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പൗരന്മാർക്കും, പ്രവാസികൾക്കും, സന്ദർശകർക്കും https://www.dubairun.com/register/ എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായാണ് ദുബായ് റൺ സംഘടിപ്പിക്കുന്നത്.

പങ്കെടുക്കുന്നവരുടെ ബാഹുല്യം കൊണ്ട് ലോകത്തെ തന്നെ ഏറ്റവും വലിയ ഇത്തരത്തിലുള്ള പരിപാടിയാണ് ദുബായ് റൺ. ദുബായ് റൺ 2022-ന്റെ ഭാഗമായി നഗരത്തിലെ സൂപ്പർഹൈവേയായ ഷെയ്ഖ് സായിദ് റോഡ് ഒരു ഭീമൻ റണ്ണിംഗ് ട്രാക്കായി രൂപാന്തരപ്പെടുന്നതാണ്.

File Photo. Source: Dubai Media Office.

എല്ലാ പ്രായത്തിലും വിഭാഗങ്ങളിലുമുള്ളവർക്കും പങ്കെടുക്കാനാകുന്ന രീതിയിൽ 5 കിലോമീറ്ററും 10 കിലോമീറ്ററും ദൈർഘ്യമുള്ള രണ്ട് റൂട്ടുകളാണ് ദുബായ് റൺ 2022-ൽ ഒരുക്കുന്നത്. കുടുംബങ്ങൾ, കാൽനടത്തക്കാർ തുടങ്ങിയവർക്കായി 5 കിലോമീറ്റർ നീളുന്ന ഒരു റൂട്ട്, കൂടുതൽ തഴക്കമുള്ള ഓട്ടക്കാർക്കായി 10 കിലോമീറ്റർ നീളമുള്ള മറ്റൊരു റൂട്ട് എന്നിവയാണ് ദുബായ് റണ്ണിൽ ഉൾപ്പെടുത്തുന്നത്.

File Photo from Dubai Run 2021. Source: Dubai Media Office.

രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവർക്ക് തങ്ങളുടെ ഔദ്യോഗിക നമ്പർ അടങ്ങിയ സ്റ്റിക്കർ ഇബ്ൻ ബത്തൂത്ത മാൾ, ദുബായ് ഹിൽസ് മാൾ, ദൈറ സിറ്റി സെന്റർ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കുന്നതാണ്. നവംബർ 17, 18, 19 തീയതികളിൽ ഈ മാളുകൾ പ്രവർത്തിക്കുന്ന സമയങ്ങളിൽ ഔദ്യോഗിക നമ്പർ നേടാവുന്നതാണ്.

ദുബായ് റണിന് എത്തുന്നവർ രജിസ്‌ട്രേഷൻ സമയത്ത് നൽകിയിട്ടുള്ള സമയക്രമം പാലിച്ച് കൊണ്ട് നവംബർ 20-ന് എത്തിച്ചേരാൻ ശ്രമിക്കേണ്ടതാണ്. രാവിലെ 6:30-നാണ് ദുബായ് റൺ ആരംഭിക്കുന്നത്. എന്നാൽ ഈ പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് പുലർച്ചെ നാല് മണിമുതൽ എത്തിച്ചേരാനുള്ള സമയം നൽകിയിട്ടുണ്ട്. നവംബർ 20-ന് ദുബായ് മെട്രോ പുലർച്ചെ 3:30 മുതൽ പ്രവർത്തിക്കുന്നതാണ്.