ദുബായ്: നാലാമത് ഹത്ത കൾച്ചറൽ നൈറ്റ്സ് ഡിസംബർ 22-ന് ആരംഭിക്കും

UAE

നാലാമത് ഹത്ത കൾച്ചറൽ നൈറ്റ്സ് 2024 ഡിസംബർ 22, ഞായറാഴ്ച മുതൽ ആരംഭിക്കും. ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റിയാണ് (Dubai Culture) ഇക്കാര്യം അറിയിച്ചത്.

ഹത്ത ഹെറിറ്റേജ് വില്ലേജിൽ വെച്ചാണ് ഹത്ത കൾച്ചറൽ നൈറ്റ്സ് 2024 സംഘടിപ്പിക്കുന്നത്. 2024 ഡിസംബർ 22-ന് ആരംഭിക്കുന്ന നാലാമത് ഹത്ത കൾച്ചറൽ നൈറ്റ്സ് 2025 ജനുവരി 1 വരെ നീണ്ട് നിൽക്കും.

സന്ദർശകർക്ക് എമിറാത്തി സംസ്കാരത്തിന്റെ എല്ലാ പകിട്ടുകളും തനിമയും ഒളിമങ്ങാതെ ആസ്വദിക്കാനും അടുത്തറിയാനും അവസരമൊരുക്കുന്നത് ലക്ഷ്യമിട്ടാണ് ഈ സാംസ്കാരിക സംഗമം സംഘടിപ്പിക്കുന്നത്. ഹത്ത മേഖലയിലെത്തുന്നവർക്ക് എമിറാത്തി സാംസ്കാരിക പരിപാടികളും, വിനോദപരിപാടികളും ആസ്വദിക്കുന്നതിന് ഈ മേള അവസരമൊരുക്കുന്നു.

ഈ മേഖലയുടെ ചരിത്രം, പ്രകൃതി, സംസ്കാരം എന്നിവ ആരായുന്നതിനും, അനുഭവിക്കുന്നതിനും സന്ദർശകരെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് ഈ മേള ഒരുക്കുന്നത്. ഈ മേഖലയുടെ തനതായ പാരമ്പര്യം, പരമ്പരാഗത രീതികൾ എന്നിവ എടുത്തു കാട്ടുന്നതിലൂടെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രം എന്ന രീതിയിൽ ഹത്തയെ പ്രോത്സാഹിപ്പിക്കുന്നതിനും അധികൃതർ ലക്ഷ്യമിടുന്നു.

സന്ദർശകർക്ക് എമിറാത്തി സംസ്കാരത്തെയും, യുഎഇയിലെ തനത് കരകൗശല വൈദഗ്ധ്യത്തെയും, മേഖലയിലെ നാടോടി അറിവുകളെയും നേരിട്ട് അറിയാൻ ഈ മേള അവസരമൊരുക്കുന്നു. പുതുതലമുറയിലേക്ക് ഈ അറിവുകളെയും പാരമ്പര്യത്തെയും പകരുക എന്നാണ് ഈ മേളകൊണ്ട് സംഘാടകർ ഉദേശിക്കുന്നത്.

മേളയുടെ ഭാഗമായി സന്ദർശകർക്ക് ആസ്വദിക്കാനായി സംഗീത, നൃത്ത പരിപാടികളും, കുട്ടികൾക്കായുള്ള പരിപാടികളും, നാടോടികലാരൂപങ്ങളും, കാവ്യസന്ധ്യകളും, തനത് രുചിവൈവിധ്യങ്ങളടങ്ങിയ ഭക്ഷ്യമേളകളും ഉണ്ടായിരിക്കും.