ദുബായ്: ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 5 കായിക സ്ഥാപനങ്ങൾക്ക് പിഴ

UAE

COVID-19 സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നതിൽ വീഴ്ച വരുത്തിയ അഞ്ച് കായിക സ്ഥാപനങ്ങൾക്ക് ഈ വാരാന്ത്യത്തിൽ പിഴ ചുമത്തിയതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ദുബായ് ഇക്കണോമി, ദുബായ് സ്പോർട്സ് കൗൺസിൽ എന്നിവർ സംയുക്തമായി നടത്തിയ പരിശോധനകളിലാണ് ഈ സ്ഥാപനങ്ങളിൽ നിയമലംഘനങ്ങൾ കണ്ടെത്തിയത്.

മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം എന്നിവയിലെ വീഴ്ചകൾക്കാണ് ഈ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയത്. ദുബായിലുടനീളമുള്ള സ്പോർട്സ് കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളിൽ 6 സ്ഥാപനങ്ങൾക്ക് താക്കീത് നൽകിയതായും അധികൃതർ അറിയിച്ചിട്ടുണ്ട്.

തുടർച്ചയായുള്ള പരിശോധനകളുടെ ഫലമായി നിയമലംഘനങ്ങൾ കുറഞ്ഞതായും അധികൃതർ വ്യക്തമാക്കി. ഭൂരിഭാഗം സ്ഥാപനങ്ങളും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കണിശമായി നടപ്പിലാക്കുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇത്തരം പരിശോധനാ നടപടികൾ രോഗപ്രതിരോധത്തിന്റെ ആവശ്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിൽ വലിയ പങ്ക് വഹിച്ചതായും അധികൃതർ അറിയിച്ചു.