ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ തൊഴിലാളികളുടെ എണ്ണത്തിൽ ഈ വർഷം 50 ശതമാനം വളർച്ച രേഖപ്പെടുത്തി

UAE

ഈ വർഷത്തെ ആദ്യ ഏഴ് മാസങ്ങളിൽ ജി സി സി രാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ തൊഴിലാളികളുടെ പുതിയ കുടിയേറ്റത്തിൽ ഏകദേശം 50 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിച്ച സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. 2021-ലെ കണക്കുകളുമായി താരതമ്യം ചെയ്താണ് ഈ വളർച്ച രേഖപ്പെടുത്തിയിരിക്കുന്നത്.

COVID-19 പകർച്ചവ്യാധിയുടെ ഫലമായി ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യൻ തൊഴിലാളികൾ തിരികെ മടങ്ങിയിരുന്നത് അവസാനിച്ചതായി ഇത് സൂചിപ്പിക്കുന്നു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മുൻവർഷത്തെ 132,763 എമിഗ്രേഷൻ ക്ലിയറൻസുമായി താരതമ്യം ചെയ്യുമ്പോൾ 2022 ജനുവരി മുതൽ ജൂലൈ അവസാനം വരെ ഗൾഫിലേക്ക് മൊത്തം 189,206 എമിഗ്രേഷൻ ക്ലിയറൻസുകൾ നൽകിയിട്ടുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി ശ്രീ. വി. മുരളീധരൻ, അംഗങ്ങളുടെ കുടിയേറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി ലോക്സഭയിൽ വ്യക്തമാക്കി.

“ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തിക മേഖലയുടെ വീണ്ടെടുക്കൽ ഇപ്പോൾ നിരവധി ഇന്ത്യൻ തൊഴിലാളികളുടെ ഈ രാജ്യങ്ങളിലേക്കുള്ള തിരിച്ചുവരവിന് കാരണമായിട്ടുണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു. പകർച്ചവ്യാധി കാരണം, ഗൾഫിലേക്കുള്ള കുടിയേറ്റത്തിന്റെ ഏറ്റവും മോശം വർഷമായിരുന്നു 2020. ആ വർഷം 94,145 എമിഗ്രേഷൻ ക്ലിയറൻസുകൾ മാത്രമാണ് നൽകിയത്.

ജിസിസി രാജ്യങ്ങൾ ഉൾപ്പെടെ 18 രാജ്യങ്ങളിൽ തൊഴിൽ ഏറ്റെടുക്കുന്നതിന്, നൈപുണ്യമുള്ള, അർദ്ധ നൈപുണ്യമുള്ള, അവിദഗ്ധ തൊഴിലാളികൾക്കും നഴ്സുമാരെപ്പോലുള്ള ചില പ്രൊഫഷണലുകൾക്കും ഇന്ത്യൻ സർക്കാരിൽ നിന്ന് എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമാണ്. പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് അറിയിക്കാത്ത പക്ഷം പത്താം ക്ലാസിന് മുകളിൽ വിദ്യാഭ്യാസമുള്ള ഇന്ത്യക്കാർക്ക് അത്തരം ക്ലിയറൻസ് ആവശ്യമില്ല. ഇതിനകം മൂന്ന് വർഷമായി വിദേശത്ത് ജോലി ചെയ്തിട്ടുള്ള ഇന്ത്യക്കാർക്കും, ആദായ നികുതിദായകർക്കും മറ്റ് ചില വിഭാഗത്തിലുള്ള ഇന്ത്യക്കാർക്കും യാത്രയ്ക്ക് മുമ്പ് എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമില്ല.

WAM