യു എ ഇ: COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം; 5000 സന്നദ്ധസേവകർക്ക് ഇതുവരെ വാക്‌സിൻ നൽകി

GCC News

അബുദാബിയിൽ നടന്നുകൊണ്ടിരിക്കുന്ന COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഭാഗമായി ഇതുവരെ 5000 സന്നദ്ധസേവകർക്ക് വാക്സിൻ കുത്തിവെപ്പ് നൽകിയതായി അധികൃതർ വ്യക്തമാക്കി. 80-തിൽ പരം രാജ്യങ്ങളിൽ നിന്നുള്ളവരാണ് നിലവിൽ ഈ പരീക്ഷണങ്ങളിൽ പങ്കാളികളാകുന്നത്. 10000-ത്തിൽ പരം സന്നദ്ധസേവകർ ഇതുവരെ ഈ പരീക്ഷണത്തിൽ പങ്കാളികളാകുന്നതിനു രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ നിന്നുള്ള അയ്യായിരം പേർക്ക് ഇതിനകം വാക്സിൻ നൽകിയതായി അബുദാബി മീഡിയ ഓഫീസ് വ്യക്തമാക്കി.

സന്നദ്ധസേവകരായി രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ (ADNEC) ആരംഭിച്ചിട്ടുള്ള വോക് ഇൻ കേന്ദ്രത്തിൽ വെച്ച്, അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) ആക്ടിംഗ് സെക്രട്ടറി ഡോ. ജമാൽ അൽ കാബിയുടെ സാന്നിദ്ധ്യത്തിലാണ് 5000-മത്തെ സന്നദ്ധസേവകനു വാക്സിൻ കുത്തിവെപ്പ് നൽകിയത്.

“വാക്സിൻ ക്ലിനിക്കൽ പരീക്ഷണത്തിലെ ഈ നാഴികക്കല്ല്‌ മഹത്വപൂര്‍ണ്ണമായ ഒരു നേട്ടമാണ്. എല്ലാ യു എ ഇ നിവാസികളുടെയും മാനുഷിക മൂല്യങ്ങളോടുള്ള പ്രതിബദ്ധത ഇത് വ്യക്തമാക്കുന്നു.”, ഈ നേട്ടത്തോട് പ്രതികരിച്ച് കൊണ്ട് ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി CMO ഡോ. നവാൽ അഹമ്മദ് അൽകാബി അറിയിച്ചു.

ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള, സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് (CNBG) തയ്യാറാക്കുന്ന വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായുള്ള ആദ്യ സന്നദ്ധസേവകരായി, DoH ചെയർമാൻ ഷെയ്ഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹമദ്, DoH ആക്ടിംഗ് സെക്രട്ടറി ഡോ. ജമാൽ അൽ കാബി തുടങ്ങിയവർ ജൂലൈ 16-നു വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചിരുന്നു. ഇരുവർക്കും കഴിഞ്ഞ ദിവസം വാക്സിനുകളുടെ രണ്ടാം ഘട്ട കുത്തിവയ്പ്പ് നൽകുകയുണ്ടായി.

പരീക്ഷണങ്ങളിൽ പങ്കാളികളാകാൻ മറ്റു എമിറേറ്റുകളിൽ നിന്നുള്ളവർക്കും അവസരം നൽകുന്നതിന്റ്റെ ഭാഗമായി, ഇതിനായുള്ള സേവനകേന്ദ്രം ഷാർജയിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ സന്നദ്ധസേവകരായി രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി ആരംഭിച്ചിട്ടുള്ള ഷാർജയിലെ അൽ ഖറയിൻ ഹെൽത്ത് സെന്റർ, അബുദാബിക്ക് പുറത്തുള്ള ആദ്യത്തെ ഇത്തരം കേന്ദ്രമാണ്.