ഒമാൻ – ഇന്ത്യ നയതന്ത്ര ബന്ധത്തിന്റെ എഴുപതാം വാർഷികം ആഘോഷിച്ചു

Oman

ഒമാൻ – ഇന്ത്യ നയതന്ത്ര ബന്ധത്തിന്റെ എഴുപതാം വാർഷികം ആഘോഷിച്ചു. മസ്കറ്റിൽ വെച്ച് നടന്ന എട്ടാമത് ഇന്ത്യൻ ഓഷ്യൻ കോൺഫറൻസിനിടയിലായിരുന്നു ഈ ആഘോഷം.

ഇതിന്റെ ഭാഗമായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദ്ർ അൽബുസൈദി, ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ എന്നിവർ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര, നിക്ഷേപ, വാണിജ്യ, ഊർജ്ജസുരക്ഷാ മേഖലകളിൽ പുലർത്തുന്ന സഹകരണത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.

തുടർന്ന് ഇരുവരും ഒമാൻ – ഇന്ത്യ നയതന്ത്ര ബന്ധത്തിന്റെ എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒരു പ്രത്യേക ലോഗോ പ്രകാശനം ചെയ്തു.

‘മാണ്ഡവി ടു മസ്കറ്റ്: ഇന്ത്യൻ കമ്മ്യൂണിറ്റി ആൻഡ് ദി ഷെയേർഡ് ഹിസ്റ്ററി ഓഫ് ഇന്ത്യ ആൻഡ് ഒമാൻ’ എന്ന പേരിലുള്ള ഒരു ഗ്രന്ഥവും ഇതിന്റെ ഭാഗമായി പ്രകാശനം ചെയ്തിട്ടുണ്ട്.

ഒമാനിലെ സമൂഹത്തിനും, വാണിജ്യ മേഖലയ്ക്കും ഇന്ത്യൻ ജനത നൽകിയിട്ടുള്ള സംഭാവനകൾ ഈ പുസ്തകം വരച്ച് കാട്ടുന്നു.

ഗുജറാത്തിലെ മാണ്ഡവിയിൽ നിന്ന് മസ്കറ്റിലേക്കും, ഒമാനിലെ മറ്റു ഇടങ്ങളിലേക്കുമുള്ള ഇന്ത്യക്കാരുടെ പ്രയാണത്തിന്റെ നാൾവഴികൾ രേഖപ്പെടുത്തുന്ന ഈ ഗ്രന്ഥം ഇന്ത്യയും ഒമാനും തമ്മിലുള്ള ചരിത്രപരമായതും, സാംസ്കാരികതലത്തിലുള്ളതുമായ പുരാതന ബന്ധങ്ങൾ എടുത്ത് കാട്ടുന്നു. മസ്കറ്റ് മീഡിയ ഗ്രൂപ്പാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.