ഏകത്വശക്തി – എഴുപത്തിമൂന്നാമത് റിപ്പബ്ലിക്ക് ദിനം

Editorial

ഇന്ന് നാം സ്വതന്ത്ര ഭാരതത്തിന്റെ എഴുപത്തിമൂന്നാമത് റിപ്പബ്ലിക്ക് ദിനമാഘോഷിക്കുകയാണ്. രാജ്യത്തിന്റെ പരമോന്നത പദവി അവിടെ വസിക്കുന്ന ജനങ്ങൾക്കാണെന്നും, അവരാൽ തിരഞ്ഞെടുത്ത ജനപ്രതിനിധികളാൽ രാജ്യത്തെ മുന്നോട്ട് നയിക്കുന്ന ഒരു വിശാലമായ ആശയമാണ് റിപ്പബ്ലിക്ക് എന്ന പദത്തിലൂടെ അർത്ഥമാക്കുന്നത്. കാഴ്ചപ്പാടുകളിലും, വ്യാഖ്യാനങ്ങളിലും മാറ്റങ്ങളുണ്ടെങ്കിലും അർത്ഥം എപ്പോഴും ഒന്ന് തന്നെ.

ഭാരതത്തിന്റെ അഖണ്ഡതയെ സൂചിപ്പിക്കുന്ന പരമപ്രധാനമായ ഘടകങ്ങളിലൊന്നാണ് രാജ്യത്തെ ജനങ്ങൾ. ചിന്താപരമായും, ആശയപരമായും, രാഷ്ട്രീയ പ്രത്യയശാസ്ത്രപരമായും വ്യത്യാസങ്ങളുണ്ടെങ്കിലും ‘ഭാരതം എന്റെ നാട്, ഓരോ ഭാരതീയനും എന്റെ സഹോദരീ, സഹോദരന്മാർ’ എന്ന പ്രതിജ്ഞാവാചകം നമ്മളോരോരുത്തരിലും മായാതെ നിലകൊള്ളുന്നുണ്ട്.

സ്വതന്ത്ര ഇന്ത്യയുടെ പരമോന്നത നിയമാവലിയാണ് ഇന്ത്യൻ ഭരണഘടന. രാജ്യത്തെ അടിസ്ഥാന രാഷ്ട്രീയ തത്ത്വങ്ങളുടെ നിർവ്വചനം, ഗവൺമെന്റ് സംവിധാനത്തിന്റെ ഘടന, അധികാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, പൗരന്റെ മൗലികാവകാശങ്ങൾ, കടമകൾ, രാഷ്ട്രഭരണത്തിനായുള്ള നിർദേശകതത്ത്വങ്ങൾ മുതലായവ ഭരണഘടന മുന്നോട്ടുവയ്ക്കുന്നു. ലിഖിത ഭരണഘടനകളിൽ വെച്ച് ഏറ്റവും വലുതാണ് ഭാരതത്തിന്റെ ഭരണഘടന. ജനങ്ങൾക്കുള്ള മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് കൊണ്ടും, ജനാധിപത്യത്തിന്റെ കാതലായും ഇത് നിലകൊള്ളുന്നു.

ഭരണഘടനയെ കുറിച്ച് വാചാലരാവുന്നവർ പലപ്പോഴും ഇതേക്കുറിച്ച് വേണ്ടവിധം പഠിച്ചിട്ടുണ്ടോ എന്ന സംശയം ഉന്നയിക്കാനുള്ള അധികാരവും ഈ ഭരണഘടന ഒരു ഇന്ത്യൻ പൗരന് നൽകുന്നുണ്ട്. 1949 നവംബർ 26-നാണ് ഭരണഘടന നിർമ്മാണസഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചത്. 1950 ജനുവരി 26 ന് അത് പ്രാബല്യത്തിൽ വന്നു. ഇന്ത്യൻ ഭരണഘടയുടെ മുഖ്യ ശില്പി ഡോക്ടർ ബി. ആർ . അംബേദ്‌കർ ആണ്. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതിയത് ശ്രീ ജവഹർലാൽ നെഹ്രുവാണ്. ഒറ്റവാചകത്തിലുള്ള ആ ആമുഖം ഇവിടെ കുറിക്കുന്നു.

“നമ്മൾ, ഭാരതത്തിലെ ജനങ്ങൾ, ഇന്ത്യയെ ഒരു പരമാധികാര-സ്ഥിതിസമത്വ-മതനിരപേക്ഷ-ജനാധിപത്യ-റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങൾ, അവസരങ്ങൾ എന്നിവയിലുള്ള സമത്വം, എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന ഭ്രാതൃഭാവം എല്ലാവരിലും വളർത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട് നമ്മുടെ ഭരണഘടനാസഭയിൽവച്ച്, 1949 നവംബറിന്റെ ഈ ഇരുപത്തിയാറാം ദിവസം, ഈ ഭരണഘടനയെ ഏതദ്ദ്വാരാ അംഗീകരിക്കുകയും അത് നിയമമാക്കുകയും നമുക്കായിത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു.”

ഏകത്വത്തിൽ നിന്നാണ് ശക്തിയും വളർച്ചയുമുണ്ടാകൂ എന്ന തത്വം ഊട്ടി ഉറപ്പിക്കേണ്ടത് ഓരോ ഭാരതീയന്റെയും കടമയാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഏവർക്കും റിപ്പബ്ലിക്ക് ദിനാശംസകൾ.

Leave a Reply

Your email address will not be published. Required fields are marked *