ഈ വർഷത്തെ ആദ്യ മൂന്ന് മാസത്തിനിടയിൽ 8 ദശലക്ഷം വിനോദസഞ്ചാരികൾ സൗദി അറേബ്യ സന്ദർശിച്ചതായി സൗദി ടൂറിസം അതോറിറ്റി അറിയിച്ചു. സൗദി ടൂറിസം അതോറിറ്റി സി ഇ ഓ ഫഹദ് ഹാമിദദ്ദിനെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
2022-ൽ 93 ദശലക്ഷം വിനോദസഞ്ചാരികളാണ് സൗദി അറേബ്യ സന്ദർശിച്ചത്. അറേബ്യൻ ട്രാവൽ മാർക്കറ്റിൽ വെച്ച് പ്രാദേശിക മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
നിലവിൽ സൗദി അറേബ്യയിൽ ഏതാണ്ട് നാല്പത്തിരണ്ടായിരത്തോളം ഹോട്ടൽ മുറികളുടെ നിർമ്മാണം നടന്ന് വരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. 2030-ടെ സൗദി അറേബ്യയിലെ ആകെ ഹോട്ടൽ മുറികളുടെ എണ്ണം ഏഴ് ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി സർക്കാർ പ്രഖ്യാപിച്ച വിവിധ വിസ നടപടികൾ രാജ്യത്തേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം ഉയരുന്നതിന് ഇടയാക്കിയതായി അദ്ദേഹം വ്യക്തമാക്കി.
Cover Image: Saudi Press Agency.