യു എ ഇ: COVID-19 പരിശോധനകൾ 5 ദശലക്ഷം കടന്നു; രോഗവ്യാപനത്തിൽ നിയന്ത്രണം; രോഗമുക്തി നിരക്ക് 90 ശതമാനം

GCC News

രാജ്യത്തെ കൊറോണ വൈറസ് പരിശോധനകളുടെ എണ്ണം 5 ദശലക്ഷം കടന്നതായി യു എ ഇ ആരോഗ്യ വകുപ്പ് മന്ത്രി അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ് അറിയിച്ചു. യു എ ഇയിലെ COVID-19 സ്ഥിതിഗതികളെക്കുറിച്ചുള്ള ഓഗസ്റ്റ് 3-ലെ പ്രത്യേക പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പരമാവധി രോഗവാഹകരെ കണ്ടെത്താൻ കഴിഞ്ഞതോടെ രാജ്യത്തെ കൊറോണ വൈറസ് വ്യാപനത്തിൽ നിയന്ത്രണം കൊണ്ടുവരാൻ സാധിച്ചതായും, രോഗമുക്തി നിരക്ക് 90 ശതമാനത്തിലെത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത് കൊറോണ വൈറസ് ബാധ മൂലമുള്ള മരണങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓഗസ്റ്റ് 3-നു യു എ ഇയിൽ 164 പേർക്കാണ് COVID-19 സ്ഥിരീകരിച്ചത്. 248 പേരാണ്, തിങ്കളാഴ്ച്ച രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്തെ ആകെ 61163 COVID-19 ബാധിതരിൽ 54863 പേർ സുഖം പ്രാപിച്ചിട്ടുണ്ട്.

രോഗവ്യാപനം തടയുന്നതിനായി യു എ ഇ നടപ്പിലാക്കിയ നടപടികളും, മുൻകരുതലുകളും ഫലപ്രദമായെന്ന് ഇത് സൂചിപ്പിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിലെ പരമാവധി ആളുകളുടെ ഇടയിൽ ടെസ്റ്റിംഗ് നടത്തുന്നതിലൂടെ രോഗബാധിതരെ വളരെ നേരത്തെ കണ്ടെത്താനും, ഫലപ്രദമായ ചികിത്സ നൽകാനും, അതിലൂടെ രോഗം അനിയന്ത്രിതമായി വ്യാപിക്കുന്നത് തടയാനും സാധിച്ചു എന്നത് കഴിഞ്ഞ ഏതാനം ദിനങ്ങളിലെ കണക്കുകളിൽ നിന്ന് വ്യക്തമാണ്. കൊറോണ വൈറസ് പ്രതിരോധത്തിന്റെ മുൻനിര പോരാളികളെ അൽ ഒവൈസ് പ്രശംസിച്ചു.

കൊറോണ വൈറസുമായുള്ള തുടർപോരാട്ടത്തിൽ വിജയിക്കുന്നതിനായി സമൂഹ അകലം, സാമൂഹിക സന്ദർശനങ്ങളിലെ നിയന്ത്രണങ്ങൾ മുതലായ മുൻകരുതലുകളുടെ പ്രാധാന്യം ഓർമ്മപെടുത്തിയ അദ്ദേഹം ജനങ്ങളോട് സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നത് തുടരാൻ ആഹ്വനം ചെയ്തിട്ടുണ്ട്.