അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനുള്ള COVID-19 പരിശോധനകൾക്കായി 4 പുതിയ ടെസ്റ്റിംഗ് കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു

UAE

അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് നിർബന്ധമാക്കിയിട്ടുള്ള COVID-19 ടെസ്റ്റ് റിസൾട്ട് ലഭിക്കുന്ന പ്രക്രിയ കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനായി നാല് പുതിയ റാപിഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു. ലേസർ അധിഷ്ഠിത ഡി പി ഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന റാപിഡ് ടെസ്റ്റിംഗ് സംവിധാനങ്ങളാണ് ഈ കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്നത്.

ഫുജൈറ, റാസ് അൽ ഖൈമ എന്നിവിടങ്ങളിൽ ഓരോ കേന്ദ്രങ്ങളും, ദുബായിൽ രണ്ട് കേന്ദ്രങ്ങളുമാണ് പുതിയതായി ആരംഭിച്ചിട്ടുള്ളത്. ദുബായിലെ റഷീദ് പോർട്ട്, അൽ ഖവാനീജ് എന്നിവിടങ്ങളിലാണ് പുതിയതായി പ്രവർത്തനമാരംഭിച്ചിട്ടുള്ള ഈ കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്നത്.

നിലവിൽ അബുദാബിയിലേക്ക് പ്രവേശിക്കുന്ന എല്ലാ യു എ ഇ പൗരന്മാർക്കും, നിവാസികൾക്കും, എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, നാഷണൽ സ്ക്രീനിംഗ് പ്രോഗ്രാമിന്റെ അംഗീകാരമുള്ള ഏതെങ്കിലും ആശുപത്രികളിൽ നിന്നോ, സ്ക്രീനിംഗ് കേന്ദ്രങ്ങളിൽ നിന്നോ 48 മണിക്കൂറിനുള്ളിൽ ലഭിച്ച COVID-19 നെഗറ്റീവ് റിസൾട്ട് നിർബന്ധമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ ആവശ്യമായ ടെസ്റ്റിംഗ് സുഗമമാക്കുന്നതിനായി ദുബായ് – അബുദാബി പാതയിലെ ഖന്തൂത്ത് ബോർഡർ ചെക്ക്പോയിന്റിൽ ഇത്തരത്തിൽ ഒരു പരിശോധനാ കേന്ദ്രം ജൂലൈ പകുതി മുതൽ പ്രവർത്തനമാരംഭിച്ചിരുന്നു. എന്നാൽ ഇവിടെയുള്ള വലിയ തിരക്ക് കണക്കിലെടുത്ത് കൂടുതൽ ഇത്തരം കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി സയ്ദ് സ്പോർട്സ് സിറ്റി, അബുദാബി കോർണിഷ്, അൽ ഐനിലെ അൽ ഹിലി എന്നിവിടങ്ങളിൽ ഇത്തരം കേന്ദ്രങ്ങൾ നേരത്തെ തുറക്കുകയുണ്ടായി.

ഖന്തൂത്ത്, അൽ ഐൻ എന്നിവിടങ്ങളിലെ കേന്ദ്രങ്ങൾ സ്വകാര്യ കമ്പനിയുടെ കീഴിലും, മറ്റു കേന്ദ്രങ്ങൾ അബുദാബി ഹെൽത്ത് സർവീസസ് കമ്പനിയുടെ (SEHA) കീഴിലുമാണ് പ്രവർത്തിക്കുന്നത്. ഇത്തരത്തിലുള്ള ഓരോ പരിശോധനകൾക്കും 50 ദിർഹമാണ് ഈടാക്കുന്നത്. 5 മിനിറ്റിനകം റിസൾട്ട് ലഭിക്കുമെന്നതാണ് ഈ കേന്ദ്രങ്ങളുടെ പ്രത്യേകത. ഇത്തരം കേന്ദ്രങ്ങളിൽ കുടുംബങ്ങൾക്ക് നേരിട്ടെത്തിയും, മറ്റുള്ളവർക്ക് ഓൺലൈൻ ബുക്കിങ്ങിലൂടെ അനുവാദം നേടിയും പരിശോധനകൾക്കായി സമീപിക്കാവുന്നതാണ്.

https://ghantoot.quantlase.com/appointment/update-details/ എന്ന വിലാസത്തിലൂടെ ഖന്തൂത്ത് കേന്ദ്രത്തിലും, https://hilli.quantlase.com/appointment/update-details/ എന്ന വിലാസത്തിലൂടെ അൽ ഹിലിയിലെ കേന്ദ്രത്തിലും മുൻ‌കൂർ ബുക്കിംഗ് ചെയ്യാവുന്നതാണ്. SEHA-യുടെ കീഴിലുള്ള 6 കേന്ദ്രങ്ങളിലും SEHA ആപ്പ് ഉപയോഗിച്ച് മുൻ‌കൂർ ബുക്കിംഗ് ചെയ്യാവുന്നതാണ്.