കൊറോണ വൈറസ് സാഹചര്യത്തിൽ ജോലി നഷ്ടപ്പെട്ട് നിരാശരായിരിക്കുന്നവരെ ലക്ഷ്യമിട്ടുള്ള, വ്യാജ റിക്രൂട്മെന്റ് ഏജൻസികളുടെ രൂപത്തിലുള്ള തട്ടിപ്പുകൾ പെരുകുന്നതായി അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. പ്രശസ്തമായ സ്ഥാപനങ്ങളിൽ തൊഴിൽ വാഗ്ദാനം ചെയ്തു കൊണ്ടുള്ള ഇത്തരം തട്ടിപ്പുകൾ, ഏതിനും തുനിഞ്ഞിറങ്ങേണ്ടി വരുന്ന സാഹചര്യത്തിലുള്ളവരെ ചൂഷണം ചെയ്ത് പണം തട്ടിയെടുക്കുന്നതിനായുള്ളതാണെന്നും, ഇവയെ കുറിച്ച് ജാഗ്രത പുലർത്തണമെന്നും പോലീസ് വ്യക്തമാക്കി.
“ഇല്ലാത്ത തൊഴിലവസരങ്ങളുടെ പരസ്യങ്ങൾ സമൂഹ മാധ്യമങ്ങളിലും, വ്യാജ വെബ്സൈറ്റുകളിലും നൽകികൊണ്ട് ഇത്തരം തട്ടിപ്പുകാർ നിലവിലെ COVID-19 സാഹചര്യം മുതലെടുക്കുകയാണ്. തൊഴിൽ നഷ്ടപ്പെട്ട നിരവധി പേരുടെ തീവ്രനൈരാശ്യത്തെ മുതലെടുക്കുകയാണ് ഇത്തരം തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്.”, അബുദാബി പോലീസ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. “റിക്രൂട്ട്മെന്റ് ഏജന്റുമാരായി ചമഞ്ഞ് കൊണ്ട് ഇത്തരം തട്ടിപ്പുകാർ, പ്രശസ്തമായ സ്ഥാപനങ്ങളുടെ പേരിൽ വ്യാജ തൊഴിലവസരങ്ങളുടെ വിവരങ്ങൾ ഓൺലൈനിലൂടെ പരസ്യം ചെയ്യുന്നു. ഇത്തരം സ്ഥാപനങ്ങൾക്കായി ജീവനക്കാരെ കണ്ടെത്തുന്നതിന് ഔദ്യോഗികമായി ഉത്തരവാദിത്വം ഉള്ളവരാണെന്ന അവകാശവാദവുമായാണ് ഈ തട്ടിപ്പുകാർ ഇരകളെ ആകർഷിക്കുന്നത്.”, അധികൃതർ മുന്നറിയിപ്പ് നൽകി.
“തൊഴിലവസരങ്ങൾക്കായി ഇത്തരം തട്ടിപ്പുകാർ ആവശ്യപ്പെടുന്ന കമ്മീഷൻ ചാർജ് നൽകിയ ശേഷവും ജോലി ലഭിക്കാതാവുന്ന അവസരത്തിൽ മാത്രമാണ് തങ്ങൾ തട്ടിപ്പിനിരയായതായി തൊഴിലന്വേഷകർ മനസ്സിലാക്കുക. രാജ്യത്തിന് പുറത്തുള്ള തൊഴിലന്വേഷകരെ ലക്ഷ്യമിടുന്ന ഇത്തരം തട്ടിപ്പ് സംഘങ്ങളും നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഇത്തരം തട്ടിപ്പുകാർ ഏതു രൂപത്തിലും പ്രവർത്തിക്കാം എന്നതിനാൽ പൊതു സമൂഹം ഇത്തരക്കാർക്കെതിരെ ജാഗ്രത പുലർത്തണം.”, അധികൃതർ കൂട്ടിച്ചേർത്തു. ഓൺലൈൻ മാധ്യമങ്ങളിൽ കാണുന്ന തൊഴിൽ സംബന്ധമായ പരസ്യങ്ങളുടെ ആധികാരികത ഉറപ്പാക്കിയ ശേഷം മാത്രമേ ഇത്തരം പ്രഫഷണൽ ചാർജുകൾ നൽകാവൂ എന്നും പോലീസ് ഓർമ്മപ്പെടുത്തി.
ഓൺലൈനിലൂടെ ഇത്തരം തട്ടിപ്പുകൾ നടത്തുന്നതിന് പിടിക്കപെടുന്നവർക്ക് യു എ ഇയിൽ മൂന്ന് വർഷം വരെ തടവും, 2.5 ലക്ഷം ദിർഹം മുതൽ ഒരു മില്യൺ ദിർഹം വരെ പിഴയും ചുമത്താവുന്നതാണ്. ഇത്തരം തട്ടിപ്പുകാരെ കുറിച്ചുള്ള വിവരങ്ങൾ അധികൃതരുമായി പങ്കുവെക്കാനും അബുദാബി പോലീസ് പൊതുസമൂഹത്തോട് ആഹ്വാനം ചെയ്തു.