അപകടങ്ങൾക്കിടയാക്കുന്ന രീതിയിലുള്ള ഡ്രൈവിംഗ് വലിയ കുറ്റകൃത്യമാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ

GCC News

റോഡപകടങ്ങൾക്കിടയാക്കുന്ന രീതിയിലുള്ള ഡ്രൈവിംഗ് ശീലങ്ങൾ രാജ്യത്ത് വലിയ ശിക്ഷകൾ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ലഹരിപദാര്‍ത്ഥങ്ങളുടെയും, മയക്കുമരുന്ന് പോലുള്ള വസ്തുക്കളുടെയും സ്വാധീനത്തിൽ വാഹനങ്ങൾ ഓടിക്കുക, എതിർ ദിശയിൽ വാഹനമോടിക്കുക, മനഃപൂർവം വശങ്ങളിലേക്ക് തെന്നിമാറുന്ന രീതിയൽ അപകടകരമായി വാഹനമോടിക്കുക, റെഡ് സിഗ്നൽ മറികടന്ന് വാഹനമോടിക്കുക മുതലായ പ്രവൃത്തികൾ സൗദിയിൽ ഗുരുതരമായ നിയമലംഘനങ്ങലാണ്. ഇത്തരം പ്രവർത്തികൾ മൂലം മറ്റുള്ളവർക്ക് വലിയ രീതിയിലുള്ള ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകാവുന്ന അപകടങ്ങൾക്കിടയാക്കുന്നവരെ കാത്തിരിക്കുന്നത് കനത്ത ശിക്ഷകളാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

രാജ്യത്തെ ട്രാഫിക് നിയമങ്ങളിലെ ആർട്ടിക്കിൾ 62 പ്രകാരം അപകടത്തിൽ പെടുന്നവരുടെ ശരീരാവയവങ്ങൾക്ക് സ്ഥായിയായതോ, താത്കാലികമായതോ ആയ പരിക്കുകൾ ഉണ്ടാകുന്ന എല്ലാ വാഹനാപകടങ്ങൾക്കും ശിക്ഷ ലഭിക്കാവുന്നതാണ്. ഇത്തരം നിയമലംഘനങ്ങൾക്ക് പരമാവധി 4 വർഷം തടവോ, 200,000 റിയാൽ പിഴയോ, ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

15 ദിവസത്തിൽ കൂടുതൽ ആശുപത്രി ചികിത്സ ആവശ്യമായി വരുന്ന പരിക്കുകൾ ഉണ്ടാക്കുന്ന വാഹനാപകടങ്ങൾക്കിടയാക്കുന്ന ഡ്രൈവർമാർക്ക് 2 വർഷം വരെ തടവോ, 100,000 റിയാൽ പിഴയോ, ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാമെന്നും പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.