ഷക്ക്ബൗട്ട് മെഡിക്കൽ സിറ്റിയിൽ മൂന്ന് പുതിയ ശസ്‌ത്രക്രിയാ വിഭാഗങ്ങൾ പ്രവർത്തനമാരംഭിച്ചു

UAE

അബുദാബിയിലെ ഷെയ്ഖ് ഷക്ക്ബൗട്ട് മെഡിക്കൽ സിറ്റിയിൽ (SSMC) അമിതവണ്ണത്തിനുള്ള ചികിത്സകൾക്കായും (bariatric), വക്ഷീയ ഭാഗത്തുള്ള (thoracic) സുഷുമ്നാ നാഡികളുടെ ചികിത്സ സംബന്ധമായതും, മലാശയ സംബന്ധമായതുമായ (colorectal) ശസ്‌ത്രക്രിയകൾ നൽകുന്ന വിഭാഗങ്ങൾ പ്രവർത്തനമാരംഭിച്ചു. ഷെയ്ഖ് ഷക്ക്ബൗട്ട് മെഡിക്കൽ സിറ്റിയെ പൂർണ്ണമായും COVID-19 മുക്തമായ ആരോഗ്യ കേന്ദ്രമായി അടുത്തിടെ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് പ്രഖ്യാപിച്ചിരുന്നു.

കൊറോണ വൈറസ് പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന ആരോഗ്യ സേവനങ്ങൾ പുനരാരംഭിച്ചതോടെയാണ്, മയോ ക്ലിനിക്, അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) എന്നിവരുടെ സംയുക്ത സംരംഭമായ ഈ മെഡിക്കൽ കേന്ദ്രത്തിൽ ഈ പുതിയ ശസ്‌ത്രക്രിയാ വിഭാഗങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചത്. “ശസ്‌ത്രക്രിയകൾക്കായി ആവശ്യമായ രോഗികൾക്കായി SSMC വീണ്ടും സേവനങ്ങൾ ആരംഭിച്ചതോടെ, രോഗികൾക്ക് കൂടുതൽ പരിചരണം നൽകുന്നതിന്റെ ഭാഗമായി മൂന്ന് പ്രത്യേക ശസ്‌ത്രക്രിയാ വിഭാഗങ്ങൾ കൂടി ആരംഭിക്കാൻ സാധിച്ചതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.”, SSMC ചീഫ് മെഡിക്കൽ ഓഫീസർ ഡോ. മാത്യു ഗെറ്റ്മാൻ വ്യക്തമാക്കി.

“വളരെ പെട്ടന്ന് സുഖം പ്രാപിക്കുന്ന രീതിയിലുള്ള ബാരിയാട്രിക്, തൊറാസിക്, കോളോറെക്ടൽ ശസ്‌ത്രക്രിയകൾ നൽകാൻ കഴിയുന്ന വിപുലമായ അനുഭവജ്ഞാനമുള്ള ഞങ്ങളുടെ സർജൻമാർ, രോഗികൾക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. അബുദാബിയിലെയും, പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലെയും ഏറ്റവും മികച്ച മെഡിക്കൽ പരിചരണം നൽകുന്ന കേന്ദ്രമാകുന്നതിലേക്കുള്ള SSMC-യുടെ പ്രയാണത്തിലെ ഒരു ചുവടുവെപ്പു കൂടിയാണ് ഈ പുതിയ സേവനങ്ങൾ.” അദ്ദേഹം കൂട്ടിച്ചേർത്തു.

താക്കോൽദ്വാര ശസ്ത്രക്രിയകളും, റോബോട്ടുകളെ ഉപയോഗിച്ചുകൊണ്ടുള്ള കൃത്യതയാർന്ന ശസ്ത്രക്രിയകളും ഈ മൂന്ന് വിഭാഗങ്ങളിലെയും മുഖമുദ്രകളാണ്. സർജറിക്ക് ശേഷം എത്രയും പെട്ടന്ന് രോഗികൾക്ക് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തുന്നതിനുള്ള തരത്തിലാണ് ഈ വിഭാഗങ്ങളിൽ ശസ്ത്രക്രിയകൾ നടപ്പിലാക്കുന്നത്.