രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർക്കായി, ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ, ഖത്തറിലേക്ക് പ്രവേശിക്കുന്നതിനുള്ള പുതിയ യാത്രാ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ആരംഭിച്ചു. രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങൾ തടസങ്ങളില്ലാതെ നടപ്പിലാക്കുന്നതിനായി, വിദേശത്തു നിന്നുള്ള യാത്രികരെ വിവിധ വിഭാഗങ്ങളായി വേര്തിരിച്ച് കൊണ്ടുള്ള പ്രവർത്തനങ്ങളാണ് എയർപോർട്ടിൽ ഏർപെടുത്തിയിട്ടുള്ളത്.
ഖത്തർ പൗരന്മാർ, അവരുടെ കുടുംബാംഗങ്ങൾ, പെർമനെന്റ് റെസിഡൻസിയുള്ളവർ എന്നിവരെയും ആരോഗ്യ പ്രശ്നങ്ങളുള്ള യാത്രികരെയും പ്രത്യേക വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. മറ്റുള്ള യാത്രികരെ അവർ യാത്ര പുറപ്പെടുന്ന രാജ്യത്തിനനുസരിച്ച് ‘രോഗസാധ്യത തീരെ കുറവുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ’, ‘രോഗസാധ്യത വളരെ കൂടുതലുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ’ എന്നിങ്ങനെ രണ്ടായി തരം തിരിച്ചിട്ടുണ്ട്.
ഖത്തറിലേക്ക് പ്രവേശിക്കുന്നതിനുള്ള യാത്രാ നിർദ്ദേശങ്ങൾ, ക്വാറന്റീൻ നിർദ്ദേശങ്ങൾ മുതലായവ നടപ്പിലാക്കുന്നത് ഈ മാനദണ്ഡമനുസരിച്ചാണ്. രോഗസാധ്യത തീരെ കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം മാറ്റങ്ങൾ വരുത്തിയിരുന്നു. https://covid19.moph.gov.qa/EN/Pages/Countries-Classified-Low-Risk-of-COVID-19.aspx എന്ന വിലാസത്തിൽ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചിട്ടുള്ള രോഗസാധ്യത തീരെ കുറവുള്ള രാജ്യങ്ങളുടെ പട്ടിക ലഭ്യമാണ്. ഈ പട്ടിക ഓരോ രണ്ടാഴ്ച്ച തോറും ആഗോള സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം പുതുക്കുന്നതാണ്.
വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രികരെയും തെർമൽ പരിശോധനകൾക്ക് വിധേയരാക്കുന്നതാണ്. എല്ലാ യാത്രികർക്കും ഖത്തറിലെ COVID-19 ട്രാക്കിങ് ആപ്പ് ആയ EHTERAZ നിർബന്ധമാക്കിയിട്ടുണ്ട്. ആരോഗ്യനില സംബന്ധിച്ച ഒരു സത്യവാങ്ങ്മൂലം, ക്വാറന്റീൻ നിർദ്ദേശങ്ങൾ അനുസരിക്കാമെന്ന പ്രതിജ്ഞാപത്രം എന്നിവ നൽകേണ്ടതാണ്.
രോഗസാധ്യത വളരെ കൂടുതലുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ എമിഗ്രേഷനിൽ അവരുടെ ഹോട്ടൽ ബുക്കിംഗ് വിവരങ്ങൾ നൽകേണ്ടതാണ്. ഇത്തരം യാത്രികർ ഖത്തറിൽ പ്രവേശിച്ച ശേഷം ഒരാഴ്ച്ച സ്വന്തം ചെലവിൽ അധികൃതർ നിർദ്ദേശിക്കുന്ന ഹോട്ടലുകളിൽ ക്വാറന്റീനിൽ തുടരേണ്ടതാണെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇവരെ എമിഗ്രേഷൻ നടപടികൾക്ക് ശേഷം ക്വാറന്റീൻ ഹോട്ടലിലേക്ക് മാറ്റുന്നതാണ്.
മറ്റുള്ള യാത്രികർക്ക് വിമാനത്താവളത്തിൽ വെച്ച് COVID-19 ടെസ്റ്റിംഗ് നടത്തുന്നതാണ്. ഇതിനു ശേഷം ഇവർക്ക് എമിഗ്രേഷൻ നടപടികൾ പൂർത്തിയാകാവുന്നതാണ്. ഇതിനു ശേഷം ഇവർക്ക് ഒരാഴ്ച്ച ഹോം ക്വാറന്റീനിൽ തുടരുന്നതിനായി സ്വകാര്യ വാഹനങ്ങളിൽ യാത്രതുടരാം.
യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലുടനീളം സാനിറ്റൈസറുകൾ, സമൂഹ അകലം ഉറപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്.