ഒമാൻ: രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ഇന്ന് മുതൽ ഒഴിവാക്കും

GCC News

ഒമാനിൽ ഗവർണറേറ്റുകൾക്കുള്ളിൽ ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ഇന്ന് (ഓഗസ്റ്റ് 15, ശനിയാഴ്ച്ച) രാവിലെ 5 മണി മുതൽ ഒഴിവാക്കാൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി ഓഗസ്റ്റ് 14-നു രാത്രി വ്യക്തമാക്കി. കൊറോണ വൈറസ് സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളോട് പൊതുസമൂഹത്തിന്റെ ഭാഗത്തു നിന്നുണ്ടായ ഉത്തരവാദിത്വത്തോടെയുള്ള സഹകരണത്തിന് ഒമാനിലെ പൗരന്മാരോടും, നിവാസികളോടും സുപ്രീം കമ്മിറ്റി അഭിനന്ദനം അറിയിച്ചു.

ഓഗസ്റ്റ് 7-ന് ഒമാനിലെ ഗവർണറേറ്റുകൾക്കിടയിലെ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഒഴിവാക്കുന്ന വേളയിൽ, ഓഗസ്റ്റ് 8 ശനിയാഴ്ച്ച മുതൽ ഓഗസ്റ്റ് 15 ശനിയാഴ്ച്ച രാവിലെ വരെ, ദിനവും രാത്രി 9 മുതൽ രാവിലെ 5 വരെ ഗവർണറേറ്റുകൾക്കുള്ളിലുള്ള യാത്രാ നിയന്ത്രണങ്ങൾ തുടരുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചിരുന്നു. ഈ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ആരോഗ്യ സുരക്ഷയുടെ ഭാഗമായിട്ടുള്ള മാസ്കുകളുടെ ഉപയോഗം, കൈകളുടെ ശുചിത്വം, സമൂഹ അകലം തുടങ്ങിയ മുൻകരുതലുകൾ കർശനമായി പാലിക്കാൻ അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാണിജ്യ സ്ഥാപനങ്ങൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാം ജനങ്ങൾ കൂട്ടംകൂടുന്ന സാഹചര്യം തീർത്തും ഒഴിവാക്കാനും, സാമൂഹികമായ ഒത്തുചേരലുകൾ പാടില്ലെന്നും അധികൃതർ ജനങ്ങളെ ഓർമ്മപെടുത്തി.