വ്യോമയാന പ്രവർത്തനങ്ങൾ താത്കാലികമായി പുനരാരംഭിക്കാൻ ഇന്ത്യയും ഖത്തറും തമ്മിൽ ധാരണ

GCC News

ഇരു രാജ്യങ്ങളിൽ നിന്നുമുള്ള വ്യോമയാന സേവനങ്ങൾ താത്കാലികമായി പുനരാരംഭിക്കുന്നതിന് ഇന്ത്യയും ഖത്തറും തമ്മിൽ പ്രത്യേക ‘എയർ ബബിൾ’ കരാറിൽ ഏർപ്പെടുന്നു. ഇതിനായി ഇന്ത്യയിലെ വ്യോമയാന മന്ത്രാലയവും, ഖത്തറിലെ വ്യോമയാന അതോറിറ്റിയും ധാരണയിലെത്തിയിട്ടുണ്ട്. ഓഗസ്റ്റ് 18 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ, ഇരു രാജ്യങ്ങളിലെയും വിമാന കമ്പനികൾ ഈ ധാരണയുടെ ഭാഗമായി ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കും, തിരികെയും പ്രത്യേക സർവീസുകൾ നടത്തുന്നതാണ്.

ഇത്തരം വിമാനസർവീസുകളിൽ യാത്രചെയ്യാൻ അനുവാദമുള്ളവരെ സംബന്ധിച്ച് ഖത്തറിലെ ഇന്ത്യൻ എംബസി നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കുള്ള യാത്രകൾ:

  • ഖത്തർ പൗരന്മാർ.
  • ഖത്തറിൽ നിന്നുള്ള സാധുത വിസയുള്ള ഇന്ത്യൻ പൗരന്മാർ. ട്രാൻസിറ്റ് യാത്രകൾ അനുവദനീയമല്ല എന്നും, ഖത്തറിലേക്ക് മാത്രമുള്ള യാത്രികർക്കാണ് അനുവാദമെന്നും അറിയിപ്പിൽ പറയുന്നുണ്ട്. ഖത്തർ അനുവദിക്കുന്ന പ്രത്യേക എൻട്രി പെർമിറ്റുകൾ ഉള്ളവർക്ക് മാത്രമാണ് നിലവിൽ രാജ്യത്തേക്ക് മടങ്ങാൻ അനുമതിയുള്ളത്.

ഖത്തറിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രകൾ:

  • ഖത്തറിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർ.
  • ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയത്തിന്റെ ജൂൺ 30-ലെ മാനദണ്ഡങ്ങൾക്കനുസരിച്ച് സാധുതയുള്ള വിസകളുള്ള ഖത്തർ പൗരന്മാർ (നയതന്ത്ര ഉദ്യോഗസ്ഥർ ഉൾപ്പടെ).

ഈ നിബന്ധനകൾക്ക് വിധേയമായി ഇരു രാജ്യങ്ങളിൽ നിന്നുള്ള വിമാന കമ്പനികൾക്കും ഓൺലൈനിലൂടെയും, ഏജൻസികൾ വഴിയും ടിക്കറ്റുകൾ വിൽക്കുന്നതിന് അനുമതി നൽകിയിട്ടുണ്ടെന്നും എംബസി അറിയിപ്പിൽ പറയുന്നുണ്ട്. ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് മുൻപായി യാത്രികന് ഖത്തറിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതിയുണ്ടോ എന്ന് ഉറപ്പാക്കേണ്ടതാണ്.

നിലവിൽ രാജ്യത്തിനു പുറത്തുള്ള, ഖത്തറിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന റെസിഡൻസി വിസക്കാർക്കും, സന്ദർശകർക്കുമുള്ള പ്രത്യേക എൻട്രി പെർമിറ്റുകൾക്കുള്ള (Exceptional Entry Permit) അപേക്ഷകൾ നൽകുന്ന സംവിധാനം ഓഗസ്റ്റ് 1 മുതൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.