മലബാർ പറയുന്നു

Editorial
മലബാർ പറയുന്നു – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

വിഘടനവാദവും, ചേരിതിരിയലും, പഴിചാരലുമാണ് ഇന്നത്തെ പ്രായോഗിക രാഷ്ട്രീയം എന്ന് കടുത്ത സ്വരത്തിൽ പൊതുജനം നിരന്തരം കേട്ടുകൊണ്ടിരിക്കുന്നു. എക്കാലവും വോട്ടുബാങ്കുകൾ മാത്രം ലക്‌ഷ്യം വച്ചും, ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട് പിന്നെ അവരിൽ നിന്നും ഉയരത്തിൽ നിന്നുകൊണ്ട്, ആ ജനങ്ങളെ തന്നെ അധികാരത്തിന്റെ ചാട്ടകൊണ്ട് അച്ചടക്കം പഠിപ്പിക്കുന്ന “രാഷ്ട്രീയത്തിൽ ഇങ്ങിനൊക്കെയാണ്, എല്ലാം രാഷ്ട്രീയ പ്രേരിതം” എന്നൊക്കെയുള്ള ലഘുവാക്യങ്ങൾകൊണ്ട് ചിരിച്ച് മുന്നേറുന്ന കപടതയുടെ ആപത്കരമായമുഖമാണ് വിഘടനസ്വരം.

പൊതുജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുകയും, പ്രദേശവൽക്കരിക്കുകയും ചെയ്യുന്ന രാഷ്ട്രീയം ജനാധിപത്യത്തിന് യോജിച്ചതല്ല. മലബാറും, കേരളവും എന്ന ഭിന്ന സ്വരവും ഇതിനുദാഹരണമാണ്. കേരളം എന്നത് ഒരുമയുള്ള പദമാണെന്നും, ആ വാക്കിനോട് ചേർത്ത് വായിക്കേണ്ട ഒന്നാണ് മലബാറെന്നും ജനങ്ങളാൽ മനസ്സിലാക്കി തന്ന നിമിഷങ്ങളായിരുന്നു കരിപ്പൂർ വിമാനാപകടത്തെ തുടർന്നുണ്ടായ രക്ഷാപ്രവർത്തനങ്ങളത്രയും. വിഭാഗീയത വോട്ട് പെട്ടിയിലാക്കാൻ നടത്തുന്ന പരിശ്രമങ്ങൾ വിഫലമാണെന്ന് മനുഷ്യത്വ സാക്ഷരരായ പൊതുജനം ജനപ്രതിനിധികൾക്കും, രാഷ്ട്രീയക്കാർക്കും കാണിച്ചുകൊടുത്ത ഏകസ്വരത്തോടെയുള്ള പ്രവർത്തനം.

മതവും, രാഷ്ട്രീയവും ഇഴചേർന്നു കിടക്കുന്ന നമ്മുടെ സംസ്ഥാനത്ത് മതങ്ങളുടെ രാഷ്ട്രീയം പൊതുജനബോധമാണെന്നു വരുത്തിത്തീർക്കുന്ന രാഷ്ട്രീയ നിലപാടുകൾ, അതേത് പൊതുജന മുന്നണികളായാലാലും അപകടകരമാണെന്ന് തിരിച്ചറിയണം. കാരണം, ഇത്തരത്തിലുള്ള കാഴ്ചകൾക്ക് വേർതിരിവിന്റെ നിറമാണുള്ളതെന്ന് പൊതുജനം തിരിച്ചറിയേണ്ടതും അത്യന്താപേക്ഷിതമാണ്. മനുഷ്യത്വപരമല്ലാത്തതെന്തും ജനാധിപത്യ വിരുദ്ധമാണെന്ന തിരിച്ചറിവിലേക്ക് പൊതുജനബോധ്യം വളർന്നു വരേണ്ടതും കാലത്തിന്റെ ആവശ്യമായി കണക്കാക്കണം. പേരുകൊണ്ടോ, നാടുകൊണ്ടോ, നിറംകൊണ്ടോ, തലയിലെ തൊപ്പികൊണ്ടോ, നെറ്റിയിലെ ചന്ദനക്കുറികൊണ്ടോ സഹിഷ്ണുത നഷ്ടപ്പെടുന്നുണ്ടെങ്കിൽ, തിരിച്ചറിയണം മനസ്സിലെ മനുഷ്യത്വത്തിന്റെ അളവ് കുറയുന്നു എന്ന്. വൈരാഗ്യത്തിന്റെ കഥകളാണ് വേർതിരിവുകൾക്ക് എന്നും പറയാനുള്ളത്. ആ കഥകളുടെ പര്യവസാനമാകട്ടെ നഷ്ടങ്ങളും.

മലബാറിന്റെ വേർതിരിവിലുള്ളത് പൊതുജനങ്ങൾക്ക് പെട്ടന്ന് മനസ്സിലാവാത്ത രാഷ്ട്രീയമാണ്. എന്നാൽ ജനം എന്നും ഇരുട്ടിൽ നിൽക്കുന്നവരാണ് അവർക്ക് വർണ്ണ വിവേചനമോ, നാമവിവേചനമോ ഒരു പരിധിവരെ മാത്രമേ കണ്ടുനിൽക്കാൻ കഴിയു അത് കഴിഞ്ഞാൽ സാഹോദര്യത്തിന്റെ വെളിച്ചത്തിൽ അവർ ഒന്നായി ഒത്തു ചേരും, അതിന്റെ മകുടോദാഹരണമാണ് ഒരു ആപത്ത് വന്നപ്പോൾ മനുഷ്യൻ എന്ന ഒറ്റ നാമം കൊണ്ട് അവർ ഒത്തുകൂടിയതും മരണത്തെ പോലും വകവയ്ക്കാതെ ജീവനുവേണ്ടി തുടിക്കുന്നവർക്ക് കൈനീട്ടി സഹായിച്ചതും.

വേർതിരിവിനാധാരം വിവേകമില്ലായ്മ മാത്രമാണ് എന്ന തിരിച്ചറിവിലേക്ക് നമ്മുടെ കണ്ണും മനസ്സും തുറക്കട്ടെ. അല്ലങ്കിൽ അനാവശ്യമായ ഇരുട്ടിന്റെ ഭീതി മനസ്സിൽ വന്നുചേരാനിടയുണ്ട്.

Cover Image: Vyshnav Sidhu on Unsplash

Leave a Reply

Your email address will not be published. Required fields are marked *